ചാരുംമൂട്: മുപ്പതുലക്ഷം വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയ സംഭവത്തിൽ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട മൂന്നു പ്രതികൾ പിടിയിൽ.
വാഹന ഉടമ മലപ്പുറം വെളിയൻകോട് അണ്ടിപ്പാട്ടിൽ ഹൗസിൽ മുഹമ്മദ് ബഷീർ (40), മലപ്പുറം അയ്യോട്ടിച്ചിറ ചെറു വളപ്പിൽ അബ്ദുൾ റാസിഖ് (32), മലപ്പുറം വെളിയൻകോട് കുറ്റിയാടി റിയാസ് (38) എന്നിവരെയാണ് മലപ്പുറം പോലീസിന്റെ സഹായത്തോടെ നൂറനാട് പോലീസ് പിടികൂടിയത്.
ഇതോടെ കേസിലെ എല്ലാ പ്രതികളും അറസ്റ്റിലായി. കഴിഞ്ഞ 13ന് പുലർച്ചെ 12.40ന് കായംകുളം-പുനലൂർ റോഡിൽ കറ്റാനം ഭാഗത്ത് ജിഎസ്ടി എൻഫോഴ് സ്മെന്റ് സ്ക്വാഡ് വാഹന പരിശോധന നടത്തിവരുന്ന സമയം പിക്കപ്പ് വാൻ കണ്ട് ഉദ്യോഗസ്ഥർ കൈകാണിച്ചു നിർത്താൻ ശ്രമിച്ചു.
എന്നാൽ, വാഹനം നിർത്താതെ ഓടിച്ചുപോയി. തുടർന്ന് ജിഎസ്ടി ഉദ്യോഗസ്ഥർ നൂറനാട് പോലീസിനെ വിവരമറിയിക്കുകയും പോലീസ് പിന്തുടർന്ന് വാഹനം നൂറനാട് മാർക്കറ്റ് ജംഗ്ഷൻ റോഡിനു സമീപം തടയുകയും ഉടനെതന്നെ ഡ്രൈവറുംസഹായിയും വാഹനത്തിൽനിന്നും ഓടി രക്ഷപ്പെടുകയുമായിരുന്നു. തുടർന്ന് വാഹനം കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് 40 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ കണ്ടെത്തിയത്.
ഇതിനു മുപ്പതു ലക്ഷത്തോളം വിലവരുമെന്നാണ് പോലീസ് പറയുന്നത്. ഹാൻസ്, കൂൾ ഇനത്തിൽപ്പെടുന്ന നിരോധിത ലഹരി ഉത്പന്നങ്ങളാണ് വാഹനത്തിലുണ്ടായിരുന്നത്. തുടർന്ന് വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് വാഹന ഉടമ മലപ്പുറം സ്വദേശി അബ്ദുൾ ബഷീറാണെന്ന് കണ്ടെത്തുകയും ഇയാളെ പിടികൂടുകയും ചെയ്തത്.
തുടർന്ന് ഇയാളെ ചോദ്യം ചെയ്ത് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വാഹനം ഓടിച്ച മലപ്പുറം സ്വദേശി അബ്ദുൾ റാസിഖ്, വാഹനത്തിൽ സഞ്ചരിച്ച റിയാസ് എന്നിവരെയും പിടികൂടിയത്.
തെക്കൻ ജില്ലകൾ കേന്ദ്രീകരിച്ച് വൻതോതിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്ന സംഘമാണ് പിടിയിലായതെന്നും പോലീസ് പറഞ്ഞു. തമിഴ്നാട്ടിൽനിന്നും വളരെ തുച്ഛമായ വിലയ്ക്കു വാങ്ങുന്ന പുകയില ഉത്പന്നങ്ങൾ ഇവർ വൻതുകയ്ക്കാണ് വിറ്റഴിക്കുന്നത്.
ഇത്തരം പുകയില ഉത്പന്നങ്ങൾ കൂടുതലായി ഉപയോഗിക്കുന്നത് ഇതരസംസ്ഥാന തൊഴിലാളികളാണ്. സ്കൂൾ കുട്ടികൾക്കിടയിലും ഇത്തരം നിരോധിത പുകയില ഉത്പന്നങ്ങൾ വ്യാപകമായി വിതരണം ചെയ്യുന്നുണ്ട്. അറസ്റ്റ് ചെയ്ത മൂന്നു പ്രതികളെയും മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് മുൻപാകെ ഹാജരാക്കി.
നൂറനാട് സിഐ ശ്രീജിത്ത് പി, എസ്ഐ നിധീഷ്, എസ് ഐ ഗോപാലകൃഷ്ണൻ, എഎസ്ഐ സിബി, എസ്ഐ ബാബുക്കുട്ടൻ, സിപിഒമാരായ, ബിജുരാജ്, ശരത്, ഷിബു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.