മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവേട്ട. 64 ലക്ഷം രൂപ വില വരുന്ന 1,045 ഗ്രാം സ്വർണവുമായാണു യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്.
ദോഹയിൽനിന്നും ഇൻഡിഗോ വിമാനത്തിൽ ഇന്നലെ കണ്ണൂരിലെത്തിയ മേപ്പയൂർ സ്വദേശി ഷൗക്കത്തലി (45) യിൽ നിന്നാണ് 64 ലക്ഷം രൂപ വിലവരുന്ന 1045 ഗ്രാം സ്വർണം കണ്ണൂർ കസ്റ്റംസ് പ്രിവന്റീവ് ഡിവിഷൻ ഉദ്യോഗസ്ഥർ പിടികൂടിയത്.
ചെക്കിംഗ് ഇൻ പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്ന് യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണു സ്വർണം കണ്ടെത്തിയത്. സ്വർണ മിശ്രിതം നാലു കാപ്സ്യൂളുകളിലാക്കി ശരീരത്തിന്റെ രഹസ്യഭാഗത്ത് ഒളിപ്പിച്ചാണു കടത്താൻ ശ്രമിച്ചത്.
1,132 ഗ്രാം മിശ്രിത സ്വർണം പിന്നീട് വേർതിരിച്ചെടുത്തു. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ. വികാസ്, സൂപ്രണ്ടുമാരായ പി.കെ. ഹരിദാസൻ, എൻ.സി. പ്രശാന്ത്, ഹെഡ് ഹവിൽദാർ ബാലൻ കുനിയിൽ, ഡ്രൈവർ കെ.വി. സജിത്ത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.