ലോകം അഭിമുഖീകരിക്കുന്ന ഇന്നത്തെ ഏറ്റവും വലിയ പ്രശ്‌നം പട്ടിണിയോ ദാരിദ്ര്യമോ തൊഴിലില്ലായ്മയോ അല്ല, ഗ്രാന്‍ഡ് പേരന്റ്‌സാണ്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഒരു മുത്തശി ഗദ എന്ന സിനിമയില്‍ നടന്‍ വിജയരാഘവന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗാണിത്. ഈ ഡയലോഗിനു കാരണക്കാരിയായ ഒരു മുത്തശിയെ ചുറ്റിപ്പറ്റിയാണ് ഈ സിനിമ സഞ്ചരിക്കുന്നത്. ലീലാമ്മയന്ന ഈ മുത്തശി മുന്‍കോപക്കാരിയാണ്. മകനും മരുമകള്‍ക്കും ചെറുമക്കള്‍ക്കുമെല്ലാം തലവേദനയായി മാറുന്ന ഒരു വായാടി കഥാപാത്രം. ലീലാമ്മയുടെ കോപവും സന്തോഷങ്ങളും നൊമ്പരങ്ങളുമെല്ലാം സ്ക്രീനിലെത്തിയപ്പോള്‍ പ്രേക്ഷകര്‍ക്കു രസിച്ചു എന്നു നിസംശയം പറയാം. മൂശേട്ട സ്വഭാവമാണെങ്കിലും ഇങ്ങനെയൊരു എനര്‍ജെറ്റിക് മുത്തശി നമ്മുടെ വീട്ടിലും ഉണ്ടായിരുന്നുവെങ്കില്‍ എന്ന് ഓരോ പ്രേക്ഷകനും അറിയാതെ ആശിച്ചുപോകും .
രാജിനി ചാണ്ടിയെന്ന ആലുവ സ്വദേശിയായ 65കാരിയാണ് ലീലാമ്മയായി വേഷമിട്ടത്. ഇത് ഇവരുടെ ആദ്യ സിനിമയാണെന്നു വിശ്വസിക്കാനേ ആവില്ല. കാരണം അത്രയ്ക്കും അതിശയിപ്പിക്കുന്നുണ്ട് രാജിനി ചാണ്ടി എന്ന പുത്തന്‍ നായിക. വളരെ വെടിപ്പോടെ തന്നിലെ കഥാപാത്രം കലക്കനാക്കി ഈ കളര്‍ഫുള്‍ മുത്തശി എന്നു പറയാം. ശരിക്കും കിടിലന്‍ തന്നെ ഈ മുത്തശി … രാജിനിയെന്ന മുത്തശിയുടെ വിശേഷങ്ങളിലേക്ക്…
മുത്തശി ഗദയിലേക്ക്
‘60നും 70നും മധ്യേ പ്രായമുള്ള അഭിനയിക്കാന്‍ ആഗ്രഹമുള്ളവര്‍ ബന്ധപ്പെടുക’ എന്നൊരു പത്രപ്പരസ്യം വന്നിരുന്നു. ആലുവയിലെ ഒരു ഹെല്‍ത്ത് ക്ലബില്‍ എന്നും രാവിലെ പോകുന്നയാളാണു ഞാന്‍. അവിടത്തെ അനിലാണ് എന്നോട് ഇക്കാര്യം പറഞ്ഞത്. എനിക്കിതിനോടൊന്നും താത്പര്യമില്ല എന്നു ഞാന്‍ മറുപടി പറഞ്ഞു. എന്റെയും ജൂഡിന്റെയും സുഹൃത്താണ് മജു എന്നൊരു പയ്യന്‍. മജുവാണ് ജൂഡിനോട് എന്നെപ്പറ്റി പറഞ്ഞത്. ജൂഡ് തന്റെ സിനിമയിലെ മുത്തശിയെന്ന കഥാപാത്രത്തെ തെരയുന്ന സമയമായിരുന്നു അത്. അതെന്റെയൊരു ഭാഗ്യമായിരുന്നു എന്നുവേണം പറയാന്‍.
അങ്ങനെ ജൂഡ് എന്നെ കാണാന്‍ വന്നു. മജു നേരത്തെ എന്നോടു പറഞ്ഞിട്ടുണ്ടായിരുന്നു, ആന്റി ഒരുങ്ങിയൊന്നും ഇരിക്കേണ്ട, സാധാരണ വീട്ടിലിരിക്കുന്ന പോലെ തന്നെയിരുന്നാല്‍ മതിയെന്ന്. ഞാന്‍ സാധാരണ പാന്റ്‌സും ബനിയനും ഒക്കെയിട്ടാണ് ആലുവയിലൂടെ കറങ്ങാറുള്ളത്. വീട്ടിലും അങ്ങനെ തന്നെയാണ്. ജൂഡ് വരുമ്പോള്‍ തലമുടിയൊക്കെ വെറുതേ കെട്ടി പാന്റ്‌സും ബനിയനുമിട്ടാണിരുന്നത്. എനിക്കു തോന്നുന്നത് ജൂഡിന് ഇഷ്ടപ്പെട്ടത് എന്റെ ആ വേഷവും എന്റെ ആ അപ്പിയറന്‍സുമാണെന്നാണ്. ചെറിയൊരു സ്ക്രിപ്റ്റുമായാണ് ജൂഡ് അന്നു വന്നത്. പിറ്റേന്ന് ഫുള്‍ സ്ക്രിപ്റ്റുമായി ജൂഡ് വന്നു. രണ്ടു മാസത്തിനകം ഞാന്‍ സിനിമയില്‍ അഭിനയിച്ചു. അതാണ് സംഭവിച്ചത്.
അഭിനയത്തില്‍ മുന്‍പരിചയം
അഭിനയരംഗവുമായി എനിക്കു യാതൊരുവിധ ബന്ധവും ഇല്ലായിരുന്നു. പക്ഷേ, എന്തും ചെയ്യാന്‍ മടിയില്ലാത്ത ഒരു വ്യക്തിയാണു ഞാന്‍. ആലുവയില്‍ ഞങ്ങള്‍ പ്രഫഷണല്‍ റിട്ടയേര്‍ഡായവര്‍ക്ക് ഒരു ക്ലബ്ബുണ്ട്. അവിടെ വിശേഷദിവസങ്ങളില്‍ ഞാനും എന്റ മാപ്പിളയും (ഭര്‍ത്താവും) ഡാന്‍സ് കളിക്കുകയൊക്കെ ചെയ്തിരുന്നു. അങ്ങനെ ചില വേഷങ്ങള്‍ കെട്ടിയതല്ലാതെ സീരിയസായ ഒരു ആര്‍ട്ടിസ്റ്റ് ഒന്നുമല്ലായിരുന്നു. എന്തു പറഞ്ഞാലും നോ എന്നു പറയുന്നത് എന്റെ രീതിയല്ല.
ആദ്യമായി കാമറയ്ക്കു മുന്നില്‍
ജൂഡ് തന്ന സപ്പോര്‍ട്ടാണ് ഏറ്റവും വലുത്. ആന്റി പേടിക്കുകയോ വിഷമിക്കുകയോ വേണ്ട നമുക്ക് അടിച്ചു പൊളിക്കാം എന്നൊരു ആത്മവിശ്വാസം ആദ്യമേ ജൂഡ് എനിക്കു തന്നിരുന്നു. ആദ്യം തന്നെ എന്നോടു പറഞ്ഞത് അഭിനയിക്കുമ്പോള്‍ കാമറയിലേക്കു നോക്കണ്ട എന്നാണ്. കാമറ അവിടെ ഉണ്ടെന്നൊരു തോന്നലേ എനിക്കില്ലായിരുന്നു. അതുകൊണ്ടാവും എനിക്കിത് ഇത്ര ഈസിയായി ചെയ്യാന്‍ കഴിഞ്ഞത്. യൂണിറ്റിലുള്ള നൂറിലധികം പേര്‍ എന്നെ നോക്കുന്നു, അവര്‍ എന്തു പറയുന്നു എന്നൊരു കോംപ്ലക്‌സും എനിക്കില്ലായിരുന്നു. അതായിരിക്കാം എന്നെ ഇങ്ങനെ അഭിനയിക്കാന്‍ സഹായിച്ചത്. പിന്നെ സെറ്റിലുണ്ടായിരുന്നവരുടെ സപ്പോര്‍ട്ട് വളരെ വലുതായിരുന്നു. ജൂഡും ഭാഗ്യലക്ഷ്മിയും വിനോദ് ഇല്ലമ്പള്ളിയും തുടങ്ങി എല്ലാവരും വലിയ സപ്പോര്‍ട്ടാണ് നല്‍കിയത്.
പിന്നീടാണ് ലെനയും സുരാജും വന്നത്. സുരാജ് വന്നപ്പോള്‍ തന്നെ അമ്മച്ചീ… എന്നു വിളിച്ചുകൊണ്ടാണ് വന്നത്. അന്നു മുതല്‍ സുരാജ് എന്റെ പുത്രനായാണ് എനിക്കു തോന്നിയത്. വലിയ താരങ്ങള്‍ക്കൊപ്പമാണ് അഭിനയിക്കുന്നതെന്ന തോന്നല്‍ അതുകൊണ്ടു തന്നെ എനിക്കു തോന്നിയില്ല. അവരുടെ എല്ലാം അമ്മച്ചിയായിരുന്നു ഞാന്‍. ഒരു നടി ജനിക്കുന്നത് സ്വന്തം മിടുക്കു കൊണ്ടു മാത്രമല്ല, ഇവരുടെ എല്ലാം സപ്പോര്‍ട്ട് ഉണ്ടെങ്കില്‍ മാത്രമാണ്.
65–ാം വയസിലും
ഞാന്‍ എന്നും രാവിലെ നാലിന് എഴുന്നേല്‍ക്കും. അഞ്ചു മണിക്ക് ആലുവ ടൗണിലെ ഹെല്‍ത്ത് ക്ലബിലെത്തും. 6.30 വരെ ഞാനവിടെ എക്‌സര്‍സൈസ് നടത്തും. എല്ലാവിധ എക്‌സര്‍സൈസും ചെയ്യും. 65 വയസുള്ള ഒരമ്മച്ചി ഇങ്ങനെ ചെയ്യുന്നത് അവര്‍ക്കും പ്രചോദനമാണ്. ആന്റി വന്നാല്‍ മതി, അതു ഞങ്ങള്‍ക്കൊരു പോസിറ്റീവ് എനര്‍ജിയാണെന്ന് അവര്‍ പറയാറുണ്ട്. അതുകഴിഞ്ഞ് വീട്ടിലെത്തി അടുക്കളയിലെ കാര്യങ്ങളെല്ലാം ഞാന്‍ തന്നെയാണു ചെയ്യുന്നത്. ഞാനും എന്റെ മാപ്പിളേം മാത്രമേ വീട്ടിലുള്ളു. സാധാരണ മാര്‍ക്കറ്റില്‍ പോയി സാധനങ്ങള്‍ വാങ്ങുന്നത് ആണുങ്ങളാണ്. പക്ഷേ ഇതെല്ലാം ഇപ്പോഴും ചെയ്യുന്നത് ഞാനാണ്. യു ഗോ ആന്‍ഡ് ഡു ഇറ്റ് എന്നു പറഞ്ഞ് അതിനെല്ലാമുള്ള ഒരു സ്വാതന്ത്ര്യം കല്യാണം കഴിഞ്ഞപ്പോള്‍ തന്നെ എന്റെ ഭര്‍ത്താവ് എനിക്കു തന്നിരുന്നു. അദ്ദേഹത്തിന്റെ സപ്പോര്‍ട്ട് വളരെ വലുതായിരുന്നു.
റീടേക്കുകള്‍
ചിത്രീകരണത്തിനിടെ റീടേക്ക് എടുക്കാന്‍ പറയുമ്പോള്‍ എനിക്കു വ്യക്തിപരമായി ഒരു വിഷമവും തോന്നിയിട്ടില്ല. പക്ഷേ എനിക്കു വേണ്ടി 80 കിലോയിലേറെ ഭാരമുള്ള കാമറയും മറ്റു സാമഗ്രികളുമൊക്കെ എടുത്തു നടക്കുന്നവരുടെ കഷ്ടപ്പാടോര്‍ത്താണു വിഷമം തോന്നിയത്. എനിക്കു വേണ്ടി അവര്‍ നടത്തുന്ന കഷ്ടപ്പാടു കണ്ടപ്പോള്‍ അയ്യോ… സോറി മോനേ എന്നൊക്കെ ഞാന്‍ പറയുമായിരുന്നു. സാരമില്ല അമ്മച്ചി… ഇതൊക്കെയാണ് സിനിമ എന്നാണ് അവര്‍ അപ്പോള്‍ മറുപടി പറഞ്ഞത്.
രസകരമായ അനുഭവം
ഞാന്‍ ആദ്യമായാണ് അഭിനയിക്കുന്നതെന്നു സെറ്റിലുള്ള എല്ലാവര്‍ക്കുമറിയാം. ഞാന്‍ ഒരു ഷോട്ട് നന്നായി ചെയ്യുമ്പോള്‍ അവരുടെ ഒരു കൈയടി, അവരുടെ ഒരു സന്തോഷം അതു ഞാന്‍ അനുഭവിച്ചറിഞ്ഞു. ആ ഒരു പോസിറ്റീവ് എനര്‍ജി കിട്ടിയതു കൊണ്ടാണ് എനിക്കിതു നന്നായി ചെയ്യാന്‍ കഴിഞ്ഞത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ജൂഡ് പറഞ്ഞത് കൈയടിച്ചു ഞങ്ങള്‍ മടുത്തു എന്നാണ്.
ഫീഡ്ബാക്ക്
സിനിമ പുറത്തിറങ്ങിയ ശേഷം എല്ലാവരും അഭിനന്ദനമാണ് നല്‍കിയത്. എന്റെ കുടുംബത്തിലുള്ള ചില മുതിര്‍ന്നവര്‍ ചോദിച്ചത്, എടീ നിന്നെ കണ്ടിട്ടാണോ ഇതിന്റെ തിരക്കഥ എഴുതിയതെന്നാണ്. അവള്‍ എപ്പോഴും ഇങ്ങനെയല്ലേ അതുകൊണ്ട് അവള്‍ക്ക് അഭിനയിക്കേണ്ടി വന്നില്ലല്ലോ എന്നാണ് എന്റെയൊരു അമ്മായി പറഞ്ഞത്. എന്റെയൊരു സഹോദരന്‍ പറഞ്ഞത് ഇത്രയ്ക്കും ദേഷ്യപ്പെടുന്ന വേഷമൊന്നും ഇനി ചെയ്യരുത്, എനിക്കു നിന്നെ ഇങ്ങനെ കാണാന്‍ വയ്യ എന്നും പറഞ്ഞു. അതിന്റെ അര്‍ഥം ഞാന്‍ നന്നായി ചെയ്തു എന്നല്ലേ എന്നു ഞാനപ്പോള്‍ സഹോദരനോടു തിരിച്ചുചോദിച്ചു.
സിനിമയില്‍ നിന്നു തികച്ചും വ്യത്യസ്തം
സിനിമയിലെ മുത്തശിയില്‍ നിന്നു യഥാര്‍ഥ ജീവിതത്തില്‍ തികച്ചും വ്യത്യസ്തയാണ് ഞാന്‍. പൊതുവഴിയില്‍ ഒരാള്‍ തുപ്പുന്നതും മൂത്രമൊഴിക്കുന്നതും വേസ്റ്റിടുന്നതും കണ്ടാല്‍ ഞാന്‍ തീര്‍ച്ചയായും പ്രതികരിച്ചിരിക്കും. അങ്ങനെയൊരു ക്വാളിറ്റി എന്നിലുണ്ടെന്നു കണ്ടുപിടിച്ചതു ജൂഡാണ്. അതുകൊണ്ടാവാം ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എന്നെക്കൊണ്ടാവും എന്നു ജൂഡിനു തോന്നിയത്.
ചട്ടയും മുണ്ടും
സാധാരണ ഒഫീഷ്യലായി ഞാന്‍ ഉപയോഗിക്കുന്നതു സാരിയാണ്. അല്ലാത്തപ്പോഴൊക്കെ കാഷ്വലായി ഞാന്‍ ഉപയോഗിക്കുന്നത് പാന്റ്‌സും ബനിയനുമാണ്. സല്‍വാര്‍ ഇടാറില്ല, എനിക്കിഷ്ടമില്ല. ആലുവയിലൂടെയൊക്കെ ഞാന്‍ നടക്കുന്നത് പന്റ്‌സും ബനിയനുമിട്ടാണ്.
സ്‌പോര്‍ട്‌സ്
സ്‌പോര്‍ട്‌സായിരുന്നു എന്റെ ഇഷ്ടയിനം. രണ്ടു വര്‍ഷം മുമ്പു വരെ ആലുവ വൈഎംസിഎയില്‍ ബാഡ്മിന്റണ്‍ കളിക്കുമായിരുന്നു. ഞാന്‍ ഒരൊറ്റ ലേഡി മാത്രമായിരുന്നു ഉണ്ടായിരുന്നത്. എല്ലാവരുടെയും ആന്റിയായിരുന്നു ഞാന്‍. പിന്നെ ഡോക്ടര്‍ പറഞ്ഞപ്പോഴാണ് അതു നിര്‍ത്തിയത്. വയസ് പത്തറുപത്തഞ്ചായില്ലേ, വല്ല വീഴുകയോ മറ്റോ ചെയ്താല്‍, കൈയോ കാലോ ഒടിഞ്ഞാല്‍ അതു പൂര്‍വസ്ഥിതിയിലാകാന്‍ പാടായിരിക്കും എന്നു പറഞ്ഞതുകൊണ്ടാണ് അതെല്ലാം നിര്‍ത്തിയത്.
ആലുവ സ്വദേശിയായ രാജിനി ചാണ്ടി പഠിച്ചതും വളര്‍ന്നതുമെല്ലാം തൊടുപുഴയിലാണ്. പിതാവ് ചാണ്ടി എ. പാറയില്‍ തൊടുപുഴ സെന്റ് തോമസ് സ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്നു. അമ്മ റോസി. പത്താം ക്ലാസ് വരെ രാജിനി ഈ സ്കൂളില്‍ തന്നെയാണു പഠിച്ചത്. പിന്നീടു തൊടുപുഴ ന്യൂമാന്‍ കോളജില്‍ പ്രീഡിഗ്രി. പാലാ അന്‍ഫോന്‍സാ കോളജില്‍ ഡിഗ്രി പഠനവും വിജയകരമായി പൂര്‍ത്തിയാക്കി. ഡിഗ്രിക്കു ശേഷം മുംബൈയില്‍ ബാങ്ക് ഉദ്യോഗസ്ഥനായ വി.വി. ചാണ്ടിയെ വിവാഹം കഴിച്ചു. പിതാവിന്റെയും ഭര്‍ത്താവിന്റെയും പേര് ചാണ്ടി എന്നായതിനാല്‍ തനിക്കു പേരു മാറേണ്ടി വന്നിട്ടില്ലെന്നു രാജിനി പറയുന്നു. 26 കൊല്ലം മുംബൈയിലായിരുന്നു ജീവിതം. ഇപ്പോള്‍ നാട്ടില്‍. ഏകമകള്‍ സീന ഭര്‍ത്താവ് ടോമി, മക്കളായ നികിത, അലക്‌സ്, സോഫിയ എന്നിവര്‍ക്കൊപ്പം കലിഫോര്‍ണിയയിലാണ് സ്ഥിരതാമസം.
പ്രദീപ് ഗോപി