തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ തുടരുന്ന, മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ് ഇന്ന് നാല് മണ്ഡലങ്ങളിൽ പര്യടനം നടത്തും. അരുവിക്കര, കാട്ടാക്കട, നെയ്യാറ്റിൻകര, പാറശാല മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ് എത്തുന്നത്.
122 മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കിയാണ് നവ കേരള സദസ് തലസ്ഥാനത്തെത്തിയത്. നാളെയാണ് നവകേരള സദസിന് സമാപനം.
കാട്ടാക്കട തൂങ്ങാംപാറ കാളിദാസ ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതിന് പ്രഭാതയോഗം നടന്നു. തുടർന്ന് അരുവിക്കര മണ്ഡലത്തിലാണ് ആദ്യ നവകേരള സദസ്.
ഉച്ചക്ക് ശേഷം കാട്ടാക്കട മണ്ഡലത്തിലെ നവകേരള സദസ് ക്രിസ്ത്യൻ കോളേജിലും നെയ്യാറ്റിൻകര മണ്ഡലത്തിലെ നവകേരള സദസ് മുനിസിപ്പൽ സ്റ്റേഡിയത്തിലും നടക്കും. പാറശാല മണ്ഡലത്തിലെ നവകേരള സദസ്സിന് കാരക്കോണം മെഡിക്കൽ കോളേജാണ് വേദി.
സമാപന ദിവസമായ നാളെ നേമം, കോവളം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് പര്യടനം. സമാപനത്തോടനുബന്ധിച്ച് സുരക്ഷ കൂട്ടിയിട്ടുണ്ട്. നവകേരള യാത്ര കടന്നുപോകുന്ന സ്ഥലങ്ങൾ താത്കാലിക റെഡ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം നവകേരള സദസ് കടന്നുപോയ വഴികളിൽ പലയിടത്തും പ്രതിഷേധവും കരിങ്കൊടി പ്രകടനവും നടന്നിരുന്നു. സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർത്തെ തുടർന്ന് കേസെടുത്തതിൽ പേടിച്ചുപോയെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പരിഹാസരൂപേണയുള്ള പ്രതികരണത്തിന് ഇന്ന് കാട്ടാക്കടയിൽ മുഖ്യമന്ത്രി മറുപടി പറഞ്ഞേക്കും.
നവകേരള സദസിനെതിരായ പ്രതിഷേധങ്ങൾക്കു പിന്നാലെ ആറ്റിങ്ങൽ, വെഞ്ഞാറമൂട് ഭാഗങ്ങളിൽ വ്യാപക സംഘർഷമുണ്ടായിരുന്നു.
ആറ്റിങ്ങലിൽ ഇരുപക്ഷവും പരസ്പരം വീടുകൾ ആക്രമിച്ചു. നവകേരള സദസിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ലക്സുകള് നശിപ്പിക്കപ്പെട്ടു. നാളെ കോൺഗ്രസ് ഡിജിപി ഓഫീസ് മാർച്ച് നടത്തുന്നുണ്ട്.