കൊച്ചി: മോഹന്‍ലാല്‍ മുഖ്യ കഥാപാത്രമായ നേര് സിനിമയുടെ റിലീസ് വിലക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നേര് എന്ന സിനിമയുടെ തിരക്കഥ മോഷ്ടിച്ചതാണെന്നാരോപിച്ച് തിരക്കഥാകൃത്ത് ദീപു കെ. ഉണ്ണിയാണ് ഹര്‍ജി നല്‍കിയത്.
എന്നാല്‍ സിനിമയുടെ റിലീസ് വിലക്കാനാവില്ലെന്ന് കോടതി ഇന്നലെ അറിയിക്കുകയുണ്ടായി. സിനിമയുടെ കഥ ഹര്ജിക്കാരന്റേതാണെന്ന് സിനിമയില്‍ സൂചിപ്പിച്ച് ക്രെഡിറ്റ് നല്‍കിയിട്ടില്ല. ഹര്ജിക്കാരന് പ്രതിഫലവും നല്‍കിയിട്ടില്ലെന്നാണ് പരാതിയുള്ളത്. അതിന്റെ പേരില്‍ സിനിമയ്ക്ക് വിലക്കേര്പെടുത്താനാവില്ലെന്ന് ജസ്റ്റീസ് ദേവന്‍രാമചന്ദ്രന്‍ വ്യക്തമാക്കുകയുണ്ടായി.
ട്രെയിലര്‍ മാത്രമാണ് കണ്ടിട്ടുള്ളതെന്നും അതില്‍ തന്റെ കഥയിലെ കഥാപാത്രങ്ങളുണ്ടെന്നുമാണ് ഹര്‍ജിക്കാരനായ കഥാകൃത്ത് ദീപു കെ. ഉണ്ണി വാദിച്ചത്. മോഹന്‍ലാല്‍ ജിത്തു ജോസഫ്, അഡ്വ. ശാന്തിമായാദേവി, ആന്റണി പെരുന്വാവൂര്‍ തുടങ്ങിയ എതിര്‍കക്ഷികള്‍ക്ക് ഹൈക്കോടതി നേരത്തെ നോട്ടീസയച്ചിരുന്നു.
മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമാകുന്ന സിനിമയില്‍ സംവിധായകന് ജീത്തു ജോസഫും സിനിമയുടെ സഹ തിരക്കഥാകൃത്തും അഭിനേതാവും അഭിഭാഷകയുമായ ശാന്തിപ്രിയ എന്ന ശാന്തി മായാദേവിയും ചേര്‍ന്ന് തന്റെ കഥ മോഷ്ടിച്ചതാണെന്നാണ് ഹര്ജിക്കാരന് ആരോപിക്കുന്നത്.