ഹരിപ്പാട്: റിട്ട.അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ.ഹരികൃഷ്ണന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സഹോദരങ്ങളായ കെ.മുരളീകൃഷ്ണൻ,സൗമിനി ദേവി, ശോഭലത എന്നിവർ മുഖ്യമന്ത്രിക്കും ക്രൈംബ്രാഞ്ച് എസ്പിക്കും പരാതിനല്കി.
ഹരിപ്പാട് പുത്തേത്ത് പരേതനായ കരുണാകരൻ നായരുടെ മകനാണ് റിട്ട. അസി.പോലീസ് കമ്മീഷണർ കെ. ഹരികൃഷ്ണൻ. ഏപ്രിൽ 29ന് പുലർച്ചെ 5.30 ഓടെ ചേപ്പാട് രാമപുരം ദേവീ ക്ഷേത്രത്തിനു കിഴക്കു ഭാഗത്തുള്ള റയിൽവേ ക്രോസിനു സമീപത്തു നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ ക്രോസിന് പടിഞ്ഞാറുഭാഗത്ത് റോഡരികിൽ ഉപേക്ഷിക്കപ്പെട്ട കാറും കണ്ടെത്തിയിരുന്നു.
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കുകയും ചെയ്തിരുന്നു. അതിനുശേഷം കാര്യമായ അന്വേഷണം ഒന്നും നടത്താതെ ലോക്കൽ പോലീസ് ആത്മഹത്യയാണെന്ന് ചിത്രീകരിച്ചു കൊണ്ട് ഫയൽ ക്ലോസ് ചെയ്തെന്നും ഹരികൃഷ്ണൻ ആത്മഹത്യ ചെയ്യില്ലെന്നും ബന്ധുക്കൾ പറയുന്നു.
മരണത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണം തങ്ങളുടെ സംശയങ്ങൾക്ക് ഒരുത്തരം തരുമെന്ന പ്രതീക്ഷയിലായിരുന്നു നാളിതുവരെ. എന്നാൽ, അന്വേഷണം തൃപ്തികരമല്ലെന്നും അവർ ആരോപിച്ചു. പോലീസ് സേനയിൽ വിജയകരമായി സേവനം പൂർത്തിയാക്കുകയും സമ്മർദങ്ങളെയൊക്കെ അതിജീവിക്കുകയും നിരവധി വേദികളിൽ മന:ഃശാസ്ത്ര ക്ളാസുകൾ എടുക്കുകയും ചെയ്തിട്ടുള്ള തികഞ്ഞ പ്രൊഫഷണലായ ഹരികൃഷ്ണൻ മാനസിക സമ്മർദത്തിന് അടിമപ്പെടുമെന്ന് കരുതാനാവുന്നില്ല.
സംഭവം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പോലും ഹരികൃഷ്ണനെ സന്തോഷവാനായി കണ്ടതാണ്. ഇതെല്ലാം സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നുവെന്നും അടിയന്തരമായി പുനരന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടു വരാൻ മുഖ്യമന്ത്രി ഇടപെടണമെന്നുമാണ് സഹോദരങ്ങളുടെ ആവശ്യം.