തിരുവനന്തപുരം: വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാധ്യമപ്രവർത്തക വിനീത വി. ജിക്കെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. പോലീസിനെ ന്യായീകരിച്ചാണ് മന്ത്രിയുടെ പ്രതികരണം.
കേസെടുത്ത കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അനാവശ്യമായി ആർക്കെതിരെയും കേസെടുക്കില്ലെന്ന് സജി ചെറിയാൻ പറഞ്ഞു. മാധ്യമപ്രവർത്തനം വക്രീകരിക്കൽ ആകരുത്. ഒറ്റപ്പെട്ട മാധ്യമ പ്രവർത്തകർ വൈകാരികമായി ഇത്തരം പ്രശ്നങ്ങളുടെ ഭാഗമാകാൻ ശ്രമിക്കുന്നുണ്ടെന്നും അത് പരിശോധിക്കേണ്ടത് പോലീസിന്റെ ജോലിയാണെന്നും മന്ത്രി പ്രതികരിച്ചു.
അതേസമയം, മാധ്യമപ്രവർത്തകരെ വേട്ടയാടുക എന്നത് ഇടതുപക്ഷത്തിന്റെ ശൈലി അല്ലെന്ന് മന്ത്രി കെ. രാജൻ. മാധ്യമ പ്രവർത്തകയ്ക്കെതിരെ കേസെടുത്ത സംഭവം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇത്തരത്തിലുള്ള കാര്യങ്ങൾക്ക് നടപടി എടുക്കുന്നതെന്നും ഇതിനു പിന്നിൽ സർക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവർത്തകയ്ക്കെതിരെ കേസെടുത്ത സംഭവത്തെ കുറിച്ച് കൂടുതൽ പരിശോധിച്ച് മറുപടി പറയാമെന്ന് മന്ത്രി പ്രതികരിച്ചു.
നവകേരള സദസിന് ഇന്ന് സമാപനം. വൈകിട്ട് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സമാപന പരിപാടികൾ നടക്കുന്നത്. ഇന്ന് ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് മാർച്ച് നടത്തും. നവ കേരള സദസിനെതിരെ യുവമോർച്ചയുടെ സെക്രട്ടറിയേറ്റ് മാർച്ചും ഇന്ന് നടക്കും.