തിരുവനന്തപുരം: ഡിജിപിയുടെ വീട്ടിലേക്കുള്ള പ്രതിഷേധ മാർച്ച് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്കെതിരേ കേസെടുത്ത പോലീസ് നടപടിയെ ന്യായികരിച്ച് മുഖ്യമന്ത്രി. മാധ്യമപ്രവർത്തനം എന്നത് മാധ്യമപ്രവർത്തനം മാത്രമാക്കിയാൽ കേസുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
തർക്കം വേണ്ടെന്നും ശബ്ദം ഉയർത്തി സംസാരിച്ച് ജയിക്കാൻ നോക്കേണ്ടെന്നും മാധ്യമപ്രവർത്തകരോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുക്കുന്നത്. ഗൂഢാലോചനയില്ലെങ്കിൽ തെളിവ് ഹാജരാക്കാൻ മാധ്യമപ്രവർത്തകർ തയാറാകണം. ഗൂഢാലോചന നടത്താൻ കെൽപ്പുള്ളവർ നിങ്ങളുടെ കൂട്ടത്തിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നവകേരള സദസ് അത്യപൂർവമായ അധ്യായമായി മാറി. പൂർത്തിയാക്കിയ വികസന പദ്ധതികൾ നേരിട്ട് വിലയിരുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തെ വിജ്ഞാനസമൂഹമാക്കി മാറ്റും. വമ്പിച്ച ജനപങ്കാളിത്തമാണ് നവകേരള സദസിൽ ലഭിച്ചത്. കേന്ദ്ര ഗവണ്മെന്റ് കേരളത്തോട് പല കാര്യങ്ങളിലും നിഷേധ നിലപാട് സ്വീകരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സദസിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.