ചാലക്കുടി: ഐടിഐയിലെ തെരഞ്ഞെടുപ്പ് വിജയത്തിനൊടുവിൽ ഹെൽമെറ്റില്ലാതെ ആഹ്ലാദം പ്രകടനം നടത്തിയതിനിടെ പിഴ ചുമത്തിയതാണ് ചാലക്കുടിയില്‍ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പോലീസ് ജീപ്പ് തകര്‍ക്കാൻ കാരണമെന്ന് പോലീസ്. ഇന്നലെയാണ് ഡിവൈഎഫ്ഐ ഏരിയാ സെക്രട്ടറി നിധിൻ പുല്ലനും സംഘവും പോലീസ് ജീപ്പ് തകർത്തത്.
ഐടിഐയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ആഹ്ലാദപ്രകടനത്തിനെത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ബൈക്കില്‍ ഹെൽമെറ്റ് ധരിക്കാതെ സഞ്ചരിക്കുന്നത് ചൂണ്ടിക്കാട്ടി ചാലക്കുടി പോലീസ് പിഴയടപ്പിച്ചിരുന്നു.
സര്‍ക്കാര്‍ ഐടിഐയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് എസ്എഫ്ഐ പ്രവർത്തകരും പോലീസും തമ്മിൽ നേരത്തെ തർക്കങ്ങളുണ്ടായിരുന്നു. ഐടിഐയ്ക്ക് മുന്നിലുള്ള കൊടിതോരണങ്ങൾ ഇന്നലെ പോലീസ് നിർബന്ധിച്ച് ഇവരെക്കൊണ്ട് അഴിപ്പിച്ചിരുന്നു. ഇതും പ്രവർത്തകരെ ചൊടിപ്പിച്ചിരുന്നു.
ജീപ്പ് തകർത്തതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ ചാലക്കുടി മേഖലാസെക്രട്ടറി ജിയോ കൈതാരൻ ഉൾപ്പെടെ പത്തോളംപേരെ രാത്രി വൈകി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നാല് എസ്എഫ്ഐ പ്രവര്‍ത്തകരും കസ്റ്റഡിയിലുണ്ട്.
ആക്രമണം നടന്ന് അര മണിക്കൂർ കഴിഞ്ഞ് സിപിഎം പ്രവർത്തകർക്കൊപ്പം നിധിൻ പുല്ലൻ നടന്നുപോയപ്പോൾ കാത്തുനിന്ന പോലീസ്സംഘം പിടികൂടാൻ ശ്രമിച്ചെങ്കിലും സിപിഎം ഏരിയ സെക്രട്ടറി കെ.എസ്. അശോകനും പ്രവർത്തകരും ഇത് തടഞ്ഞിരുന്നു. ബലപ്രയോഗത്തിലൂടെ നിധിനെ കൊണ്ടുപോകാൻ പോലീസ് ശ്രമിച്ചെങ്കിലും നടക്കാതായപ്പോൾ പോലീസ് ലാത്തി വീശി.
ഇതിനിടെ നിധിൻ പുല്ലനെ പിടികൂടി ജീപ്പിലിട്ടിരുന്നെങ്കിലും പ്രവർത്തകർ വീണ്ടുമെത്തി ബലം പ്രയോഗിച്ച് നിധിനെ മോചിപ്പിച്ചുകൊണ്ടുപോകുകയായിരുന്നു. പിന്നീട് പോലീസ് ഇയാളെ തെരഞ്ഞെങ്കിലും ഇയാൾ ഇപ്പോഴും ഒളിവിലാണ്.