ചങ്ങനാശേരി: മോഷണത്തിനിടെ അധ്യാപികയെ കൊലപ്പെടുത്തിയ പ്രതി മാടപ്പള്ളി ചൂരക്കുറ്റി പാണാറ്റില്‍ നിബിന് ജോസഫിനു ജീവപര്യന്തം തടവും വിവിധ വകുപ്പുകളിലായി 14 വര്‍ഷം കഠിനതടവും അഡീഷനല്‍ സെഷന്‍സ് കോടതി രണ്ട് ജഡ്ജി ജെ. നാസര്‍ ശിക്ഷ വിധിച്ചു.
വിവിധ വകുപ്പുകളിലായി 2.15 ലക്ഷം രൂപ പിഴയും ചുമത്തി. പിഴയടച്ചില്ലെങ്കില്‍ അധികമായി 15 വര്‍ഷം കഠിനതടവും ഒരു വര്‍ഷം സാധാരണ തടവും അനുഭവിക്കണം.
2016 നവംബര്‍ 11നായിരുന്നു കൊലപാതകം. ഗുജറാത്തില്‍ അധ്യാപികയായിരുന്ന കുതിരപ്പടി ശ്രീലത (50) അവധിക്കു നാട്ടിലെത്തിയതായിരുന്നു. ഒറ്റയ്ക്കു താമസിച്ചിരുന്ന ഇവരെ മോഷണശ്രമത്തിനിടെ നിബിനും സമീപവാസിയായ സിനോ ദേവസ്യയും ചേര്‍ന്നു തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നാണു കേസ്.
ചങ്ങനാശേരി എസ്ഐ സിബി തോമസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡിവൈഎസ്പി വി. അജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ എസ്ഐ ബിനു വര്‍ഗീസാണു പ്രതികളെ അറസ്റ്റ് ചെയ്തത്.
മാല വില്ക്കുന്നതിനു സഹായിച്ച രണ്ടാം പ്രതി റെജി ജോണിനെ കുറ്റക്കാരനല്ലെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നു കോടതി വിട്ടയച്ചു.
സംഭവം നടക്കുമ്പോള്‍ മൈനറായിരുന്ന സിനോ ദേവസ്യയ്ക്കെതിരേയുള്ള കുറ്റപത്രം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. കെ. ജിതേഷ്, അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സിറിള്‍ തോമസ് എന്നിവര്‍ ഹാജരായി.