തിരുവനന്തപുരം: കോൺഗ്രസ് മാർച്ചിന് നേരെ പോലീസ് നടത്തിയ അസാധാരണ നീക്കം കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ ലക്ഷ്യംവച്ചാണോ എന്ന് സംശയിക്കുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ.
കെപിസിസി അധ്യക്ഷന് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് വ്യക്തമായി അറിയാമായിട്ടും പോലീസ് ഇത്തരത്തിൽ ടിയർ ഗ്യാസ് പ്രയോഗവും കണ്ണീർവാതകവും നടത്തിയതിൽ ദുരൂഹതയുണ്ട്. വിഷയത്തിൽ ഡിജിപിയുമായി സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ പോലീസ് നടപടിയെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് പറഞ്ഞത്.
പിന്നെ ആരാണ് പോലീസിനെ നിയന്ത്രിക്കുന്നതെന്നും നാളിതുവരെ കണ്ടിട്ടില്ലാത്ത പോലീസ് നടപടിയാണ് തലസ്ഥാനത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചിനെതിരേ ഉണ്ടായതെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ നവകേരള യാത്രയിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരെ പോലീസും ഡിവൈഎഫ്ഐ പ്രവർത്തകരും മർദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തുന്ന ഡിജിപി ഓഫിസ് മാർച്ചിലാണ് സംഘർഷം ഉണ്ടായത്.
നവകേരള സദസിന്റെ പോസ്റ്ററുകളും ബോർഡുകളും പ്രവർത്തകർ തല്ലിത്തകർത്തു. പോലീസിനു നേരെ പ്രവർത്തകർ അക്രമം അഴിച്ചു വിട്ടപ്പോഴാണ് ടിയർ ഗ്യാസും ജല പീരങ്കിയും പോലീസ് പ്രയോഗിച്ചത്. മാർച്ച് പോർക്കളമായപ്പോൾ പ്രതിപക്ഷ നേതാവ് വി. ഡി സതീശന് പ്രസംഗം പകുതിയിൽ നിർത്തേണ്ടി വന്നു.