ചെന്നൈ: സിനിമാതാരങ്ങളായ തൃഷ, ചിരഞ്ജീവി, ഖുശ്ബു എന്നിവർക്കെതിരേ നടൻ മൻസൂർ അലി ഖാൻ നൽകിയ മാനനഷ്ടക്കേസ് മദ്രാസ് ഹൈക്കോടതി തള്ളി. പ്രശസ്തിക്കു വേണ്ടിയാണ് മൻസൂറിന്റെ കേസെന്നു വിമർശിച്ച കോടതി, ഒരു ലക്ഷം രൂപ പിഴയും ചുമത്തി. പിഴസംഖ്യ അടയാർ കാൻസർ സെന്ററിന് കൈമാറാനും കോടതി നിർദേശിച്ചു.
തൃഷയെക്കുറിച്ചു താൻ തമാശയായി പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നുമായിരുന്നു മൻസൂറിന്റെ ഹർജിയിലെ ആരോപണം.
ഒരു കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിരുന്നു. അതേസമയം, തൃഷയ്ക്കെതിരേ മൻസൂർ നടത്തിയതു സ്ത്രീവിരുദ്ധ പരാമർശമാണെന്നും കേസ് നൽകേണ്ടത് തൃഷയാണെന്നുമായിരുന്നുകോടതിയുടെ നിലപാട്. “ലിയോ’ സിനിമയിൽ തൃഷയാണ് നായികയെന്നറിഞ്ഞപ്പോൾ ഒരു കിടപ്പറ രംഗമുണ്ടാവുമെന്നു പ്രതീക്ഷിച്ചുവെന്നായിരുന്നു മൻസൂർ അലിഖാന്റെ വിവാദമായ പ്രസ്താവന.