ബംഗളൂരു: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1 ജനുവരി ആറിന് ലക്ഷ്യസ്ഥാനത്ത് എത്തുമെന്ന് ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ്. ഭൂമിയുടെയും സൂര്യന്റെയും ഇടയിലുള്ള ലഗ്രാഞ്ച് (എൽ 1) പോയിന്റിലാണ് പേടകം എത്തിച്ചേരുക.
പേടകം ലഗ്രാഞ്ച് പോയിന്റിൽ എത്തുന്നതിന്റെ കൃത്യമായ സമയം പിന്നീട് അറിയിക്കുമെന്നും സോമനാഥ് വ്യക്തമാക്കി.
ഭൂമിയുടെയും സൂര്യന്റെയും ആകർഷണങ്ങളിൽപ്പെടാതെ ലഗ്രാഞ്ച് പോയിന്റിനു ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിലാണ് ആദിത്യ വലംവയ്ക്കുക. ഇതിനായി ആദിത്യയിലെ എൻജിൻ ജ്വലിപ്പിച്ച് പേടകം മുന്നോട്ടു പോകാതെ ലഗ്രാഞ്ച് പോയിന്റിൽ എത്തിക്കും.
സെപ്റ്റംബർ രണ്ടിനാണ് സൂര്യ രഹസ്യങ്ങൾ തേടി ആദിത്യ എൽ1 ആന്ധ്രയിലെ ശ്രീഹരികോട്ടയിൽ നിന്ന് പിഎസ്എൽവി സി 57 റോക്കറ്റിൽ വിജയകരമായി വിക്ഷേപിച്ചത്.
ആദിത്യ എൽ1 ശേഖരിക്കുന്ന വിവരങ്ങൾ സൂര്യന്റെ ചലനാത്മകതയെക്കുറിച്ചും അതു മനുഷ്യ ജീവിതത്തെ ഏതു വിധത്തിൽ ബാധിക്കുന്നുവെന്നും മനസിലാക്കാൻ ഉപയോഗപ്പെടുമെന്നു എസ്. സോമനാഥ് മാധ്യമങ്ങളോട് പറഞ്ഞു.