മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിമാരിലൊരാളാണ് മീരാ ജാസ്മിൻ. വർഷങ്ങൾക്കിപ്പുറവും മീര അഭിനയിച്ച ചിത്രങ്ങൾ മലയാളികളുടെ ജനപ്രിയ സിനിമകളുടെ ലിസ്റ്റിലുണ്ട്. അച്ചുവിന്റെ അമ്മ, കസ്തൂരി മാൻ, ഒരേ കടൽ തുടങ്ങി തുടരെ തുടരെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് മീര പ്രേക്ഷക മനസിൽ ഇടം നേടിയത്. മലയാളത്തിന് പുറമെ താരം തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
കസ്തൂരിമാനിലെ പ്രിയംവദയെ അത്ര പെട്ടന്ന് മലയാളികൾ മറക്കാനിടയില്ല. സിനിമയുടെ ആദ്യ ഭാഗത്ത് കാംപസിലൂടെ തകർത്തു നടന്ന കഥാപാത്രം പിന്നീട് സങ്കീർണമായ ജീവിത പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നത് കാണാം. പ്രിയംവദ കടന്നുപോകുന്ന മാനസിക സംഘർഷത്തിലൂടെ പ്രേക്ഷരും ഒപ്പം സഞ്ചരിച്ചതും മീരയുടെ അഭിനയ മികവ് കൊണ്ടുകൂടിയാണ്.
എന്നാൽ തന്റെ കരിയറിലെ സുപ്രധാനമായ ഈ ചിത്രത്തിന്റെ ഓർമകൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് നടി ഇപ്പോൾ. സിനിമയിൽ ഷമ്മി തിലകൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രത്തെ മീര കൊല്ലുന്ന ഒരു സീനുണ്ട്. ഈ സീൻ ഇപ്പോഴും കാണുമ്പോൾ ആരെയോ കൊന്നിട്ട് വരുന്ന പോലുള്ള ഫീലാണ് തോന്നുന്നതെന്നാണ് താരം പറഞ്ഞിരിക്കുന്നത്. രക്തത്തിന്റെ മണവും ഫീൽ ചെയ്യുമെന്ന് മീര പറഞ്ഞു.
സിനിമയുടെ ക്ലൈമാക്സിൽ ചാക്കോച്ചൻ അവസാനം ജയിലിൽ തന്നെ കാണാൻ എത്തുന്ന സീനുകളുണ്ട്. അതിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ചാക്കോച്ചനെ നോക്കുന്ന ഒരു സീനുമുണ്ട്. അതിലൊക്കെ നെഞ്ച് കീറിപ്പോകുന്ന ഒരു ഫീലാണെന്നും മീര വെളിപ്പെടുത്തി. തന്റെ ഏറ്റവും പുതിയ ചിത്രമായ ക്യൂൻ എലിസബത്തിന്റെ പ്രമോഷനായി ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മീര ഓർമകൾ പങ്കുവച്ചത്. നരേൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.