തൃശൂർ: സ്വരാജ് റൗണ്ടിൽ അപകടങ്ങൾ കൂടുന്നത് കണ്ടാണ് പോലീസ് പല ട്രാഫിക് പരിഷ്കാരങ്ങളും നടപ്പാക്കിയത്. പക്ഷേ കൊട്ടിഘോഷിച്ച് നടപ്പാക്കിയ പരിഷ്കാരങ്ങൾ ഇപ്പോൾ ആരും പാലിക്കുന്നില്ല. ഇതൊക്കെ പാലിപ്പിക്കാൻ ഉത്തരവാദമുള്ള പോലീസാകട്ടെ തിരിഞ്ഞു നോക്കുന്നുമില്ല.
സ്വരാജ് റൗണ്ടിൽ 35 കിലോമീറ്റർ കൂടുതൽ വേഗതയിൽ വാഹനമോടിക്കരുതെന്ന നേരത്തെ തന്നെ നിയമമുള്ളതാണ്. പക്ഷേ ബസുകളും സ്വകാര്യ വാഹനങ്ങളുമൊക്കെ ഇതുവഴി ചീറിപായുന്നത് നിത്യ കാഴ്ചയാണ്. വർഷങ്ങൾക്കു മുന്‍പാണ് ഷൊർണൂർ റോഡ് ജംഗ്ഷനിൽ ഇരുചക്രവാഹനക്കാർ വാഹനമിടിച്ച് മരിക്കാനിടയായ സംഭവത്തിൽ അവിടെ സിഗ്നൽ സംവിധാനമേർപ്പെടുത്തിയത്.
ഈ ഭാഗങ്ങളിൽ തന്നെയാണ് ഇപ്പോഴും അപകട മരണങ്ങൾ ഉണ്ടാകുന്നത്. സിഗ്നലിൽ പച്ച ലൈറ്റ് കത്തുന്നതോടെ മത്സരയോട്ടത്തിന് കുതിക്കുന്നതു പോലെയാണ് ബസുകളടക്കമുള്ള വാഹനങ്ങളുടെ പാച്ചിൽ. ഇതാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.
മറ്റു സ്ഥലങ്ങളിലാകട്ടെ ഒരു നിയന്ത്രണവുമില്ല. ഇന്നലെ സിഗ്നൽ കഴിഞ്ഞുള്ള സ്ഥലത്താണ് യുവതിയുടെ സ്കൂട്ടറിൽ ബസിടിച്ച് യുവതി മരിച്ചത്. ബസുകൾക്ക് പ്രത്യേക ട്രാക്കും മറ്റു വാഹനങ്ങൾക്ക് പ്രത്യേക ട്രാക്കുമൊക്കെ ട്രാഫിക് പോലീസ് നിർദ്ദേശിച്ചിരുന്നു.
ഓവർടേക്കിംഗ് പാടില്ലെന്നും നിർദ്ദേശിച്ചിരുന്നു. ഈ നിർദ്ദേശങ്ങളും പരിഷ്കാരങ്ങളുമൊക്കെ ബസുകാർ പാലിക്കുന്നില്ല. സ്വരാജ് റൗണ്ടിൽ വരെ മത്സരയോട്ടം നടത്തുന്ന ബസുകളുമുണ്ട്.
പോലീസിന്റെ കണ്മുന്പിലാണ് ഇതൊക്കെ അരങ്ങേറുന്നതെങ്കിലും അവർ കണ്ണടയ്ക്കുന്നതിനാൽ ഒന്നും കാണുന്നില്ല. സ്വരാജ് റൗണ്ടിലെ അമിത വേഗം മൂലം റോഡ് മുറിച്ച് കടക്കുന്നവർ ഭാഗ്യം കൊണ്ടാണ് രക്ഷപെടുന്നത്.
മറ്റൊരു പരിഷ്കാരമായിരുന്നു സ്വരാജ് റൗണ്ടിൽ ഹോണ്‍ മുഴക്കാൻ പാടില്ലെന്നതുള്ളത്. ഇപ്പോൾ പോലീസുകാർ വരെ ഹോണ്‍ അടിച്ചാണ് പോകുന്നത്. പരിഷ്കാരങ്ങൾ ഏർപ്പെടുത്തുന്നത് തുടർന്നു കൊണ്ടുപോകാനുള്ള സാഹചര്യം ഉണ്ടാക്കാത്തതാണ് എല്ലാ പ്രശ്നങ്ങൾക്കും അപകടങ്ങൾക്കും കാരണമാകുന്നത്.
സ്വരാജ് റൗണ്ടിൽ അപകടങ്ങൾ വീണ്ടും തുടങ്ങിയതിനാൽ ചെറു വാഹനങ്ങൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ പ്രത്യേക ട്രാക്ക് അനുവദിക്കണമെന്ന് ടു വീലർ യൂസേഴ്സ് അസോസിയേഷൻ ചെയർമാൻ ജെയിംസ് മുട്ടിക്കൽ ആവശ്യപ്പെട്ടു.