കൊച്ചി: ക്രിസ്മസ് അവധിക്കാലവും പുതുവര്‍ഷാഘോഷവും അടുത്തതോടെ നിരക്ക് കുത്തനെ ഉയര്‍ത്തി രാജ്യത്തെ വിമാന കമ്പനികള്‍. കേരളത്തില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകളുടെ നിരക്കുകളാണ് പതിന്മടങ്ങ് ഉയര്‍ത്തിയിരിക്കുന്നത്. ഇതുമൂലം പ്രവാസികളുടെ യാത്രാദുരിതം വര്‍ധിക്കുന്നു.
ക്രിസ്മസും പുതു വര്‍ഷവും ആഘോഷിക്കാന്‍ കേരളത്തിലെത്തുന്ന പ്രവാസികളെയും അവധിക്കാലത്ത് ഗള്‍ഫ് സന്ദര്‍ശനത്തിന് പോകുന്നവരെയും ലക്ഷ്യമിട്ടാണ് ഈ നിരക്ക് ഉയര്‍ത്തല്‍.
കഴിഞ്ഞ മാസം കൊച്ചിയില്‍ നിന്ന് ദുബൈയിലേക്കുള്ള വിമാന നിരക്ക് 8000 രൂപ വരെ കുറഞ്ഞിരുന്നുവെങ്കില്‍ ഇപ്പോള്‍ അത് 28,000 രൂപ വരെയായി ഉയര്‍ന്നിരിക്കുകയാണ്.
വരുംദിവസങ്ങളില്‍ വീണ്ടും നിരക്ക് ഉയരുമെന്നാണ് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്. അതേസമയം അവധി കഴിഞ്ഞുള്ള ദിവസങ്ങളില്‍ ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനനിരക്ക് അരലക്ഷവും കടന്ന് മുന്നേറുകയാണ്. വരുംദിവസങ്ങളില്‍ ഈ നിരക്കും ഉയരും.
ജനുവരി ഒന്നിന് ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ 33,455 രൂപ ടിക്കറ്റ് നിരക്ക് കാണിക്കുമ്പോള്‍ എമിറേറ്റസ് സര്‍വീസില്‍ ഇത് 38,654 രൂപയും ഇത്തിഹാദിന്റെ സര്‍വീസിന് 37,892 രൂപയും ഗള്‍ഫ് എയറിന്റേതിന് 32,000 രൂപയുമാണ് ടിക്കറ്റ് നിരക്ക് കാണിക്കുന്നത്.
ഗള്‍ഫ് സ്കൂളുകളില്‍ വിന്റര്‍ വെക്കേഷന് ഇന്നലെ ആരംഭിച്ചതോടെ അവിടെനിന്ന് കുടുംബങ്ങള്‍ നാട്ടിലേക്ക് മടങ്ങുന്നത് കൂടി കണക്കിലെടുത്താണ് വിമാന കമ്പനികള്‍ ആകാശക്കൊള്ള നടത്തുന്നത്.
സാധാരണ സമയങ്ങളില്‍ ഈടാക്കുന്നതിന്റെ ആറ് ഇരട്ടി വരെയാണ് ഈ ദിവസങ്ങളില്‍ വിമാന കമ്പനികള്‍ നിരക്ക് ഈടാക്കുന്നത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്ന് ഗള്‍ഫ് സെക്ടറിലേക്കും തിരിച്ചും ടിക്കറ്റ് ലഭിക്കാത്ത സാഹചര്യവും ഉണ്ട്.
അവധി തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴുമുള്ള ദിവസങ്ങളില്‍ എക്കോണമി ക്ലാസിലെ ടിക്കറ്റ് സാധാരണ നിരക്കിന്റെ അഞ്ചിരട്ടിയായി ഉയരുന്നതായി ട്രാവല്‍ ഏജന്‍സികള്‍ തന്നെ വിശദീകരിക്കുന്നു. നാല് അംഗ കുടുംബത്തിന് അവധി ദിവസങ്ങളില്‍ നാട്ടിലെത്താന്‍ മാത്രം രണ്ടു ലക്ഷം രൂപയോളം ആണ് ടിക്കറ്റ് നിരക്ക് വരിക. ഇത്രയും തുക തന്നെ തിരിച്ചു പോകാനും വേണ്ടിവരും.
കഴിഞ്ഞ ഓണത്തിന് ഇതുപോലെ ടിക്കറ്റ് നിരക്ക് ഉയര്‍ന്നപ്പോള്‍, കോവിഡ് കാലത്ത് എന്നപോലെ പ്രവാസികള്‍ക്കായി ചാര്‍ട്ടേഡ് ഫ്ളൈറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യമൊക്കെ ചര്‍ച്ചയായി ഉയര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാരും ഇത് സംബന്ധിച്ച് ചില വാഗ്ദാനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
എന്നാല്‍ ഇത്തവണ, ദുബൈ – കൊച്ചി – കോഴിക്കോട് സെക്ടറില്‍ കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്. വിമാന നിരക്ക് കുത്തനെ ഉയരുമ്പോള്‍ മാത്രം ഇത്തരം ചര്‍ച്ചകള്‍ നടക്കുമെങ്കിലും നിരക്ക് സാധാരണ നിലയിലായാല്‍ പിന്നെ അതേക്കുറിച്ച് ആരും ശ്രദ്ധിക്കാറില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
സീമ മോഹന്‍ലാല്‍