പ്രതീക്ഷിക്കാത്ത സമയത്ത് പണം വഴിയിൽ കിടന്ന് കിട്ടിയാലെന്താകും ചെയ്യുക? ചിലർ പണം എടുത്ത് ഒന്നും അറിയാത്തവരെ പോലെ മുങ്ങും. മറ്റ് ചിലർ ആകട്ടെ ആരുടേതെങ്കിലും ആണെന്ന് മനസിലായാൽ പണം തിരികെ ഏൽപ്പിക്കുകയും ചെയ്യും. എന്നാൽ ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഈ ചൈനീസ് ബാലനെ ഒന്ന് ഓർക്കണം.
തെരുവിൽ കിടന്ന് 13 വയസുള്ള കുട്ടിക്ക് ഒരു ബാഗ് കിട്ടി. നിറയെ പണമായിരുന്നു അതിൽ. 1,58,000 യുവാനാണ് ബാഗിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ രൂപയിൽ ഏകദേശം 18.45 ലക്ഷം വരും ഇത്. എന്നാൽ വീട്ടിലേക്ക് കൊണ്ടുപോകുന്നതിന് പകരം പൊലീസിനെ ഏൽപ്പിക്കുകയാണ് അവൻ ചെയ്തത്.
കിഴക്കൻ ചൈനയിലെ ജിയാങ്സു പ്രവിശ്യയിൽ നിന്നുള്ളതാണ് യാങ് ഷുവാനെന്ന ഈ ബാലന്റെ കുടുംബം. മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് അവന്റെ അച്ഛൻ ആശുപത്രിയിലാണ്. വളരെ കഷ്ടപ്പാടിലാണ് അവന്റെ കുടുംബം.
ഇതിനിടെ യാങ് തന്റെ അമ്മ ഷു സിയോറോംഗിനൊപ്പം വീട്ടിലേക്ക് നടക്കുമ്പോഴാണ് വഴിയിൽ ബാഗ് കിടക്കുന്നത് കണ്ടത്. ബാഗ് തുറന്നപ്പോൾ അതിലെന്താണ് എന്ന് നോക്കിയ അവൻ ഞെട്ടിപ്പോയി. വീട്ടിൽ മോശപ്പെട്ട അവസ്ഥ ആയിരുന്നിട്ടും ആ പണം സ്വന്തമാക്കാൻ അവൻ ആഗ്രഹിച്ചിരുന്നില്ല.
ബാഗ് അതുവഴി ബൈക്കിൽ പോയ ഒരാളുടെ കയ്യിൽ നിന്നും വീണതാണെന്ന് മനസിലാക്കിയ കുട്ടി ബൈക്കിന് പിന്നിലൂടെ ഓടിയെങ്കിലും വളരെ വേഗത്തിൽ അവിടെ നിന്നും ബൈക്ക് പോയി. ‘അയാളെന്തോ തിരക്കിലാണ്. ഈ പണം അയാൾക്ക് അത്യാവശ്യം ആയിരിക്കാം. ചിലപ്പോൾ ഏതെങ്കിലും ജീവൻ രക്ഷിക്കാനുള്ളതാവാം. അയാളുടെ പണം എങ്ങനെയെങ്കിലും അയാളിലെത്തിക്കണം’ എന്ന് യാങ് അവന്റെ അമ്മയോട് പറഞ്ഞു.
തുടർന്ന് യാങ്ങിന്റെ ആവശ്യപ്രകാരം അമ്മ പൊലീസിനെ വിളിച്ചു. പോലീസ് സ്ഥലത്തെത്തി, പിന്നാലെ യാങ്ങുമായി സ്റ്റേഷനിലെത്തി ഒടുവിൽ ബാഗിന്റെ ഉടമയെ കണ്ടെത്തി ആ പണം തിരികെ ഏൽപ്പിക്കുകയും ചെയ്തു. യാങ്ങിനെ അഭിനന്ദിച്ച് സ്കൂളിൽ ചടങ്ങും സംഘടിപ്പിച്ചിരുന്നു.