രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രം. ദേശീയ ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണസമിതിയെ സസ്പെന്‍ഡ് ചെയ്ത് കേന്ദ്ര കായിക മന്ത്രാലയം.
ബ്രിജ് ഭൂഷന്റെ വിശ്വസ്തനായ സഞ്ജയ് സിംഗ് ഫെഡറേഷൻ അധ്യക്ഷനായതിനെതിരേ ഗുസ്തിതാരങ്ങള്‍ പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെയാണ് തീരുമാനം. ഡബ്ല്യുഎഫ്ഐയുടെ ഭരണഘടന വ്യവസ്ഥകൾ പാലിക്കാതെയാണ് തെരഞ്ഞെടുപ്പ് നടന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ലൈംഗിക പീഡന ആരോപണം ഉയര്‍ന്ന ബ്രിജ് ഭൂഷന് സിംഗിന്റെ പാനലിലെ സഞ്ജയ് സിംഗ് ഗുസ്തി ഫെഡറേഷന് തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ സാക്ഷി മാലിക് ഗുസ്തി കരിയര്‍ അവസാനിപ്പിച്ചിരുന്നു.
വാര്‍ത്താ സമ്മേളനത്തില്‍ വികാരഭരിതമായാണ് സാക്ഷി ബൂട്ടഴിച്ച് വച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചത്. പിന്നാലെ പദ്മശ്രീ തിരികെ നല്കി ബജ്റംഗ് പൂനിയയും ശക്തമായായി പ്രതിഷേധിച്ചിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് കേന്ദ്ര കായികമന്ത്രാലയത്തിന്റെ നിർണായക ഇടപെടലുണ്ടായത്.