എൻഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. വിവാദമായ പാഠഭാഗമാണ് എൻഎസ്എസ് ക്യാമ്പിലെ കുട്ടികളെ പഠിപ്പിക്കുന്നതെന്ന് നാസർ ഫൈസി കൂടത്തായി.
അധ്യാപകർക്ക് സർക്കാർ നൽകിയ ഗൈഡും മോഡ്യൂളും അതീവ അപകടകരമെന്നും ഗൈഡിലുള്ളത് അധാർമിക കാര്യങ്ങളാണെന്നും, സെക്ഷ്വൽ ഓറിയന്റേഷൻ എന്ന പേരിൽ സ്വവർഗ്ഗ രതിയെ ജനിതകമായി അവതരിപ്പിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.
സ്വവർഗരതി ജനിതമാണെന്ന് പറയുന്നതിനു പിന്നിൽ രാഷ്ട്രീയ അജണ്ടയാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇടതുപക്ഷ സംഘടനകള് മിശ്ര വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന ആരോപണവുമായി നാസർ ഫൈസി കൂടത്തായി ഇതിനു മുൻപ് രംഗത്തെത്തിയിരുന്നു. മുസ്ലിം പെൺകുട്ടികളെ എസ്എഫ്ഐയും ഡിവൈഎഫ്ഐയും പ്രവർത്തകർ തട്ടിക്കൊണ്ടുപോയി മിശ്ര വിവാഹം നടത്തുന്നുവെന്നാണ് ഫൈസി കൂടത്തായി നേരത്തെ പറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…
എൻഎസ്എസ് ക്യാമ്പിലെത്തുന്ന കുട്ടികളും അവരെ അയക്കുന്ന രക്ഷിതാക്കളും ജാഗ്രതൈ*
ഇന്ന് (ഡിസം. 26 ന് ) ആരംഭിച്ച് ജനു.1 ന് അവസാനിക്കുന്ന ഹയർ സെക്കൻഡറി തലത്തിലെ സ്കൂൾ വിദ്യാർത്ഥിക്കായി സർക്കാറുകൾ നടത്തുന്ന എൻഎസ്എസ് (നാഷണൽ സർവ്വീസ് സ്കീം)
ക്യാമ്പിൽ അവതരിപ്പിക്കാൻ അധ്യാപകർക്ക് സർക്കാർ നൽകിയ ഗൈഡും മെഡ്യൂളും അത്യന്തം അപകടകരമാണ്.
ജൻഡർ ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട് വിവാദമായപ്പോൾ പാഠപുസ്തകത്തിൽ നിന്ന് മാറ്റും എന്ന് സർക്കാർ പറഞ്ഞ എല്ലാ അന്ധവിശ്വാസങ്ങളും വൃത്തികേടും എൻഎസ്എസ് ന്റെ ക്യാമ്പിൽ പഠിപ്പിക്കാൻ അധ്യാപകർ നിർബന്ധിതരായിരിക്കുകയാണ്.
സമദർശൻ എന്ന പേരിലെ പഠനങ്ങളെല്ലാം അധാർമ്മിക പാഠങ്ങളാണ്.സെക്ഷ്വൽ ഓറിയൻ്റേഷൻ എന്ന പേരിൽ ഹോമോസെഷ്വാലിറ്റിയെ (സ്വവർഗ്ഗ രതിയെ) ജനിതകമായി അവതരിപ്പിക്കുകയാണ്.
എൽജിബിറ്റിക്യു+ എന്ന ആശയധാര ആഗോള അട്ടർ പരാജയമാണെന്ന് തെളിയിക്കപ്പെട്ടിട്ടും വീണ്ടും നമ്മുടെ കുട്ടികളെ സർക്കാർ ചെലവിൽ പഠിപ്പിക്കുകയാണ്.ഡീൻ ഹാമറിന്റെ അശാസ്ത്രീയ നിഗമനമാണ് തെളിവായി ഉദ്ദരിക്കുന്നത്. ഡിഎസ്എം – 5 – ടിആർൽ ഇത് ജനിതകമാണെന്ന് എൻഎസ്എസ്ഗൈഡിൽ സർക്കാർ എഴുതിപ്പിടിപ്പിക്കുമ്പോൾ അത് വരേ സ്വവർഗ്ഗ രതി മെന്റൽ ഡിസ്-ഓഡറാണെന്ന പഠന റിപ്പോർട്ടുകളെ കുറിച്ച് ഗൈഡ് മൗനം പാലിക്കുകയാണ്.
ഹോമോസെക്സ് ജനിതകമാണെന്ന് സമർത്ഥിക്കാൻ അവലംഭിക്കുന്നത് ശാസ്ത്രത്തെയല്ല മറിച്ച് പൊളിറ്റിക്കൽ അജണ്ടയായാണെന്ന് തിരിച്ചറിയണം. സെക്സും ജൻഡറും രണ്ടാണെന്നും ജൻഡർ ആർക്കും തോന്നുമ്പോഴൊക്കെ മാറാമെന്നും എൻഎസ്എസ് ഗൈഡ് പറഞ്ഞ് വെക്കുന്നുണ്ട്.
ജൻഡർമാറുമ്പോൾ മാറുന്നജൻഡറിന്റെ ആനുകൂല്യവും വകവെച്ച് നൽകുമ്പോൾ ആണായ ഒരുത്തൻ പെണ്ണിന്റെ ജൻഡർ അവകാശപ്പെടുക വഴി താടിയും മീശയും മറ്റും വെച്ച് പെൺ റിസർവേഷനിലും ജയിലിൽ പെൺസെല്ലിലും ഇടം കാണുമ്പോഴുണ്ടാകുന്ന ദുരന്തം സൃഷ്ടിക്കുന്നത് ആരാണെന്ന് സമൂഹം തിരിച്ചറിയണം.
ലിംഗം തന്നെ മാറാൻ ഗൈഡ് പ്രേരിപ്പിക്കുന്നുണ്ട്. അതിന് തെളിവായി ഉദ്ദരിക്കുന്നതാവട്ടെ ഡോ.ജോൺമണിയെ. അമേരിക്കയിലെ ജോൺ ഹോപ്കിൻസ് എന്ന ഹോസ്പിറ്റലിൽ ബ്രൂസിയെ ലിംഗം മാറ്റി പരാജയപ്പെട്ടയാളാണ് ഈ ജോൺമണി.
ജാനറ്റ് -റൈമർ ദമ്പദികൾ അവരുടെ ഇരട്ടക്കുട്ടികളിൽ ആണായ ബ്രൂസിനെ തൻ്റെ തീപ്പൊള്ളിയ ലിംഗം ചികിത്സിക്കാനായി ജോൺമണിയെ സമീപിച്ചപ്പോൾ അയാൾ ശസ്ത്രക്രിയയിലൂടെ ബ്രൂസിയെ പെണ്ണിക്കി മാറ്റി പേര് ബ്രെൻഡയാക്കി.
അതുമായി പൊരുത്തപ്പെടാൻ ബ്രൂസിയെന്ന ബ്രെൻഡക്കായില്ല. വർഷങ്ങൾക്ക് ശേഷം വീണ്ടും ബ്രൂസി ആണായി റെയ്മറായി.പെണ്ണായി വളർന്നവളെ(നെ) ആണായി അംഗീകരിക്കാൻ സമൂഹം തയ്യാറായില്ല. ഒടുക്കം 38 ാമത്തെ വയസ്സിൽ ബ്രൂസി എന്ന ബ്രെൻഡ എന്ന റെയ്മർ ആത്മഹത്യ ചെയ്തു.
ഈ ജോൺമണിയുടെ പരാജയപ്പെട്ട കാര്യമാണ് ആത്മഹത്യാ കാര്യം പറയാതെ “ലിംഗമാറ്റ വിപ്ലവ “ത്തിന് തെളിവായ് എൻഎസ്എസ് ക്യാമ്പിൽ പഠിപ്പിക്കുന്നത്.
അതി ലിബറൽ ചിന്തയും അന്ധമായ കാടൻ വിശ്വാസവും തലയിൽ കയറിയവരോട് പറയാനുള്ളത് നിങ്ങളുടെ നിഗമനങ്ങൾ പരീക്ഷിക്കാനുള്ള വേദിയല്ല സർക്കാർ സ്കൂളുകൾ.നിങ്ങൾക്ക് സ്വന്തം ക്യാമ്പും ഗൈഡും മൊഡ്യൂളും ആവാം.
അത് നിങ്ങളുടെ സ്വാതന്ത്ര്യം, പക്ഷേ അത് സർക്കാർ ചെലവിൽ കുട്ടികളെ പഠിപ്പിക്കുമ്പോൾ സമ്മതിക്കാനാവില്ല. പ്രതികരണങ്ങളുണ്ടാവും. ധാർമ്മിക മൂല്യങ്ങൾ ആഗ്രഹിക്കുന്ന രക്ഷിതാക്കളും സമൂഹവും ജാഗ്രത പാലിക്കണം,എൻഎസ്എസ്ക്യാമ്പിലെ ദുരന്ത പാഠങ്ങൾ പകരാതിരിക്കാൻ. പ്രതിഷേധങ്ങൾ തന്നെ ഉയരട്ടെ.