പത്തനാപുരം: ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഗാന്ധിഭവൻ അന്തേവാസികളായ അച്ഛന്മാർക്ക് താമസിക്കാൻ ബഹുനില മന്ദിരം ഒരുക്കും. ഇരുപത് കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. മന്ദിരത്തിൽ 300 പേർക്ക് താമസിക്കാം.
ഇതിനു മുൻപ് ഗാന്ധിഭവനിലെ മുന്നൂറിലധികം അമ്മമാർക്ക് താമസിക്കുന്നതിനുള്ള വാസസ്ഥലം അദ്ദേഹം ഒരുക്കിയിരുന്നു. പതിനഞ്ചു കോടിയിലധികം തുക മുടക്കിയാണ് അമ്മമാർക്കായി യൂസഫലി കെട്ടിടം നിർമ്മിച്ചു നൽകിയത്.
പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ക്രിസ്മസ് ദിനത്തിൽ നടന്ന ചടങ്ങിൽ എം.എ യൂസഫലി നിർവഹിച്ചു. രണ്ട് വർഷത്തിനുള്ളിൽ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കുമെന്ന് എം.എ യൂസഫലി അറിയിച്ചു.
അടിയന്തിര ശുശ്രൂഷാസംവിധാനങ്ങൾ, ലൈബ്രറി, ഡൈനിംഗ് ഹാൾ, ലിഫ്റ്റുകൾ, മൂന്നു മതസ്ഥർക്കും പ്രത്യേകം പ്രാർത്ഥനാമുറികൾ, ആധുനിക ശുചിമുറി ബ്ലോക്കുകൾ എന്നിവ കെട്ടിടത്തിൽ സജ്ജമാക്കും.
ഗാന്ധിഭവൻ സ്ഥാപകനും സെക്രട്ടറിയുമായ പുനലൂർ സോമരാജൻ, ഗാന്ധിഭവൻ അന്തേവാസിയായ ചലച്ചിത്ര നടൻ ടി.പി മാധവനുൾപ്പെടെ മുതിർന്ന പൗരന്മാരുടെയും വയോജനങ്ങളുടെയും സാന്നിദ്ധ്യത്തിൽ ബഹുനില മന്ദിരത്തിന് എം.എ യൂസഫലി തറക്കല്ലിട്ടു.