ഓൺലൈനിൽ ഓർഡർ ചെയ്ത് പണി കിട്ടിയവരുടെ എണ്ണം അത്ര കുറവൊന്നുമല്ല. പലപ്പോഴും അതെകുറിച്ചുള്ള വാർത്തകൾ വൈറലാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്ത് പണി വാങ്ങിയ യുവാവിന്റെ വീഡിയോ ആണ് വൈറലാകുന്നത്.
സ്വിഗി വഴി പ്രശസ്തമായ ലിയോപോൾഡ് കഫേയിൽ നിന്നുമാണ് ഉജ്ജ്വൽ എന്ന യുവാവ് ഭക്ഷണം ഓർഡർ ചെയ്തത്. മുംബൈയിലെ ഫോട്ടോഗ്രാഫറാണ് ഉജ്ജ്വൽ. വിശപ്പ് സഹിക്കാതെ വന്നപ്പോഴാണ് ഓർഡർ ചെയ്യാമെന്നു കരുതിയത്. എന്നാൽ കിട്ടിയതോ മുട്ടൻ പണിയും. ഓർഡർ ചെയ്ത ഭക്ഷണത്തിനുള്ളിൽ ടാബ്ലെറ്റുകളുടെ ഒരു ചെറിയ സ്ട്രിപ്പും ഉണ്ടായിരുന്നു.
“എന്റെ മുംബൈ ക്രിസ്മസ് സർപ്രൈസ്. ലിയോപോൾഡ് കൊളാബയിൽ നിന്ന് സ്വിഗ്ഗി വഴി ഓർഡർ ചെയ്ത ഭക്ഷണം. ഭക്ഷണത്തിൽ നിന്നും പകുതി വേവിച്ച മരുന്ന് കിട്ടി” എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. ഒപ്പം “ലിയോപോൾഡിലെ (ഓയ്സ്റ്റർ സോസിലെ ചിക്കൻ) എന്റെ ഭക്ഷണത്തിൽ ഇത് കണ്ടെത്തി” എന്ന കുറിപ്പോടെയാണ് യുവാവ് വീഡിയോ പങ്കുവച്ചത്.
2008ലെ മുംബൈ ഭീകരാക്രമണത്തിനിടെ ഭീകരർ ആദ്യം ലക്ഷ്യമിട്ട സ്ഥലങ്ങളിൽ ഒന്നാണ് മുംബൈയിലെ കൊളാബയിലെ ലിയോപോൾഡ് കഫേ.
നിരവധി ആളുകളാണ് പോസ്റ്റിന് കമന്റിട്ടത്. നിരാശപ്പെടുത്തുന്ന അനുഭവം എന്നാണ് പലരും കുറിച്ചത്. പരാതി പറയാൻ പലരും യുവാവിനോട് ആഹ്വാനം ചെയ്തു. ഇതിനെതിരെ ശക്തമായി പ്രതികരിക്കണം പണം തിരികെ നൽകാൻ ഹോട്ടലുകാരോട് പറയൂ എന്നു തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെ വരുന്നത്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.