പത്തനംതിട്ട: ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം റോബിന് ബസ് വീണ്ടും നിരത്തിലിറങ്ങി. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ബസ് മോട്ടോര്‍ വാഹന വകുപ്പ് ഞായറാഴ്ച ഉടമയ്ക്കു വിട്ടുകൊടുത്തിരുന്നു.
ബസ് ഇന്നു രാവിലെ വീണ്ടും പത്തനംതിട്ടയില്‍ നിന്നും കോയമ്പത്തൂര്‍ക്ക് പുറപ്പെട്ടു. മൈലപ്രയിലെത്തിയപ്പോള് പത്തനംതിട്ടയില്‍ നിന്നുള്ള മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ബസ് തടഞ്ഞു പരിശോധിച്ചു.
യാത്രക്കാരുടെ വിവരങ്ങളും ബസിന്റെ രേഖകളും പരിശോധിച്ചശേഷം വിട്ടയച്ചു. വഴിയില്‍ നിന്നു യാത്രക്കാരെ കയറ്റരുതെന്ന് നിര്‍ദേശം നല്കി. തുടര്‍ന്ന് ഉദ്യോഗസ്ഥസംഘം ബസിനെ പിന്തുടര്ന്നു.
ബസ് പിന്നീട് മൂവാറ്റുപുഴ ആനിക്കാടിനു സമീപം എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു പരിശോധിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ബസ് വിട്ടുകൊടുത്തിട്ടുള്ളതെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഴിഞ്ഞ നവംബര്‍ 24ന് പുലര്‍ച്ചെയാണ് റോബിന് ബസ് പിടിച്ചെടുത്തത്. നിയമലംഘനത്തിന് പിഴ അടച്ചതിനെത്തുടര്‍ന്ന് ബസ് വിട്ടുകൊടുക്കാന്‍ പത്തനംതിട്ട ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതി ശനിയാഴ്ച ഉത്തരവിട്ടിരുന്നു. നിലവിലെ നിയമപ്രകാരം മാത്രം ബസിന് സര്‍വീസ് നടത്താമെന്നും അല്ലാത്തപക്ഷം നടപടി നേരിടേണ്ടി വരുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
മോട്ടോര്‍ വാഹന വകുപ്പിന് ആവശ്യമെങ്കില്‍ വാഹനം പരിശോധിക്കാമെന്നും പരിശോധിക്കുന്നവര്‍ക്ക് പോലീസ് സുരക്ഷ നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.
ശനിയാഴ്ച 82,000 രൂപ പിഴ അടച്ചാണ് ബസ് നിരത്തിലിറക്കിയിരിക്കുന്നതെന്ന് നടത്തിപ്പുകാരന് ഗിരീഷ് പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടികള്‍ക്കെതിരേ റോബിന് ബസ് ഉടമയുടെ ഹര്‍ജി ഹൈക്കോടതിയില്‍ ജനുവരി അഞ്ചിനു വീണ്ടും പരിഗണിക്കും. നേരത്തെ നിരന്തരമായി നിയമലംഘനങ്ങള്‍ നടത്തിയെന്നു ചൂണ്ടിക്കാട്ടി ഗതാഗത വകുപ്പ് റോബിന് ബസിന്റെ പെര്‍മിറ്റ് റദ്ദാക്കിയിരുന്നു.