തിരുവനന്തപുരം: പുതുവർഷത്തോടനുബന്ധിച്ച് സംസ്ഥാനത്ത് സപ്ലൈകോയിലെ പതിമൂന്നിനം സബ്സിഡി സാധനങ്ങളുടെ വില കൂട്ടും. ജയഅരി, പഞ്ചസാര, ചെറുപയർ, മുളക്, വെളിച്ചെണ്ണ, കടല, വൻപയർ, പരിപ്പ്, മല്ലി, പച്ചരി ഉൾപ്പെടെയുള്ള പതിമൂന്നിനം സാധനങ്ങളുടെ വിലയാണ് കൂട്ടാൻ തീരുമാനിച്ചിരിക്കുന്നത്.
സപ്ലൈകോയുടെ സാന്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ നിയോഗിച്ച പ്രത്യേക സമിതി വിലവർധനവ് സംബന്ധിച്ചുള്ള റിപ്പോർട്ട് തയാറാക്കി ഭക്ഷ്യമന്ത്രിക്ക് സമർപ്പിച്ചു. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാൽ വില വർധന പ്രാബല്യത്തിൽ വരും.
പൊതുവിപണിയിൽ വിലനിയന്ത്രിക്കാൻ സപ്ലൈകോ ഇടപെട്ടെങ്കിലും സർക്കാർ കോടി കണക്കിന് രൂപ നൽകാത്തത് സപ്ലൈകോയെ പ്രതിസന്ധിയിലാക്കിയിരുന്നു.
സബ്സിഡി സാധനങ്ങളുടെ വിലകൂട്ടാൻ ഒന്നുകിൽ അനുവദിക്കുക അല്ലെങ്കിൽ നഷ്ടം നികത്താൻ സർക്കാർ പണം നൽകണമെന്നായിരുന്നു സപ്ലൈകോയുടെ നിലപാട്. എന്നാൽ സർക്കാരിന്റെ നിലവിലെ സാന്പത്തിക പ്രതിസന്ധിയിൽ സപ്ലൈകോയ്ക്ക് പണം നൽകാൻ സാധിക്കില്ലെന്ന് ധനകാര്യവകുപ്പ് നിലപാട് സ്വീകരിക്കുകയായിരുന്നു.
ഇതേ തുടർന്നാണ് സബ്സിഡി സാധനങ്ങളുടെ വിലകൂട്ടാൻ ധാരണയായത്.അറുന്നൂറ് കോാടിയിൽപരം രൂപ സർക്കാർ സപ്ലൈകോക്ക് നൽകാനുണ്ടെന്നാണ് സപ്ലൈകോ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ഭക്ഷ്യവകുപ്പിന് ലഭിക്കേണ്ട തുക വെട്ടികുറയ്ക്കുന്നതായി ഭക്ഷ്യമന്ത്രി ജി.ആർ. അനിലും ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാലും തമ്മിൽ മന്ത്രിസഭായോഗത്തിൽ അഭിപ്രായവ്യത്യാസം ഉണ്ടായ കാര്യങ്ങളും പുറത്ത് വന്നിരുന്നു.
സപ്ലൈകോയ്ക്ക് സർക്കാർ ഖജനാവിൽ നിന്നും പണം നൽകാനില്ലാത്ത സാഹചര്യത്തിലാണ് വിലവർധനവിന് എൽഡിഎഫ് നേരത്തെ അനുവാദം നൽകിയത്.
എന്നാൽ വിലവർധനവ് ഉടൻ പ്രാബല്യത്തിൽ ആക്കേണ്ടെന്നും നവകേരള സദസിന് ശേഷം മതിയെന്നും സർക്കാർ തീരുമാനിക്കുകയായിരുന്നു. ക്രിസ്മസ് പുതുവത്സര ഫെയറുകൾ സംസ്ഥാന വ്യാപകമായി സപ്ലൈകോ ആരംഭിച്ചെങ്കിലും പല സ്ഥലങ്ങളിലും സബ്സിഡി സാധനങ്ങൾ കുറവാണ്.
ഇതിനെതിരെ ജനങ്ങൾ ഭരണകക്ഷി എംഎൽഎമാരെയും തദ്ദേശസ്വയം ഭരണസ്ഥാപന അധികാരികളെയും വിമർശിച്ചത് ഏറെ ചർച്ചയായി മാറിയിരുന്നു.
കേന്ദ്രസർക്കാരിന്റെ നിലപാടുകളാണ് സംസ്ഥാനത്തെ പ്രതിസന്ധികൾക്ക് കാരണമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. എന്നാൽ പ്രതിപക്ഷം സർക്കാർ വാദത്തെ അംഗീകരിക്കുന്നില്ല.
സർക്കാരിന്റെ സാന്പത്തിക ധൂർത്താണ് ധനപ്രതിസന്ധിക്ക് കാരണമെന്നാണ് കോണ്ഗ്രസും ബിജെപിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ ആരോപണം.
എം.സുരേഷ്ബാബു