ചാത്തന്നൂർ : പുതിയ വർഷം മുതൽ കെഎസ്ആർടിസിയിൽ കേരളത്തിന്റെ ഔദ്യോഗിക ഭാഷയായ മലയാളം മാത്രം. സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ പൂർണമായും മലയാളമായിരിക്കണമെന്ന പ്രഖ്യാപിതലക്ഷ്യം കൈവരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ഭരണ രംഗത്ത് 2022 ലെ ലിപിപരിഷ്കരണനിർദ്ദേശപ്രകാരമുള്ള ഫോണ്ടുകൾ ഉപയോഗിക്കേണ്ടതാണ്. ഇത് സംസ്ഥാന സർക്കാരിന്റെ വെബ് പോർട്ടലിൽ ലഭ്യമാണ് എന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
മലയാളം ദിനപത്രങ്ങൾക്ക് നല്കുന്ന പരസ്യം, ടെൻഡർ തുടങ്ങിയവ പോലും പൂർണമായും മലയാളത്തിലായിരിക്കണം. ഓഫീസ് മുദ്രകൾ, ഉദ്യോഗസ്ഥരുടെ പേരും ഔദ്യോഗിക പദവികളുമടങ്ങുന്ന തസ്തിക മുദ്രകൾ എന്നിവയും മലയാളത്തിൽ തയാറാക്കണം.
ഹാജർ പുസ്തകം, റൂട്ട് രജിസ്റ്ററുകൾ, തുടങ്ങി എല്ലാ ഓഫീസ് രജിസ്റ്ററുകളും മലയാളത്തിൽ തയാറാക്കി മലയാളത്തിൽ തന്നെ രേഖപ്പെടുത്തണം.
ബസുകളിലെ എല്ലാ ബോർഡുകളും ആദ്യ നേർ പകുതി മലയാളത്തിലും രണ്ടാം നേർപകുതി ഇംഗ്ലീഷിലുമായിരിക്കണം. കെഎസ്ആർടിസിയുടെ ഔദ്യോഗിക വാഹനങ്ങളുടെ മുൻ വശത്ത് മലയാളത്തിലും പിൻഭാഗത്ത്ഇംഗ്ലീഷിലും ഒരേ വലിപ്പത്തിൽ എഴുതിയ ബോർഡുകൾ സ്ഥാപിക്കണം.
ഫയലുകൾ പൂർണ്ണമായും മലയാളത്തിൽ കൈകാര്യം ചെയ്യേണ്ടതും പൂർണ്ണമായും മലയാള ഭാഷയിൽ ആയിരിക്കേണ്ടതുമാണ്. ന്യൂനപക്ഷ ഭാഷയിൽ കത്തുകളോ കുറിപ്പുകളോ തയാറാക്കുമ്പോൾ , അവയുടെ കുറിപ്പു ഫയൽ മലയാളത്തിലായിരിക്കണം.
പ്രദീപ് ചാത്തന്നൂർ