കൊച്ചി: യുവാക്കളെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കടവന്ത്ര ഉദയകോളനി കരിത്തല വീട്ടില്‍ ദേവനെ (35)യാണ് എറണാകുളം നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പ്രതാപ് ചന്ദ്രന്, എസ്ഐ ടി.എസ്. രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
24ന് പുലര്‍ച്ചെ 4.30ന് കലൂര്‍ കൈപ്പള്ളി ലൈനിലുള്ള ‘ചില്ക്കൊച്ചി 24’ എന്ന കടയില്‍ ചായ കുടിക്കാനെത്തിയ യുവാക്കളെയാണ് ദേവന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമിച്ച് കവര്‍ച്ച നടത്തിയത്. മോട്ടോര്‍ സൈക്കിള്‍, മൊബൈല്‍ ഫോണുകള്‍, ആധാര്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ കവര്‍ന്നെടുത്ത ശേഷം ക്രൂരമായി മര്‍ദിച്ചു. കവര്‍ച്ച ചെയ്ത സാധനങ്ങള്‍ തിരികെ നല്കണമെങ്കില് 27,000 രൂപ മോചനദ്രവ്യം നല്‍കണമെന്ന് പരാതിക്കാരനായ യുവാവിന്റെപിതാവിനെ ഫോണില്‍ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് 3000 രൂപ ഗൂഗിള്‍ പേ വഴി വാങ്ങി.
യുവാക്കളുടെ പരാതി പ്രകാരം നടത്തിയ അന്വേഷണത്തില്‍ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് പരിസരത്തുവച്ച് പോലീസ് സംഘം പിടികൂടവേ പ്രതി അക്രമാസക്തനായി. തുടര്‍ന്ന് ബലപ്രയോഗത്തിലൂടെയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. ദേവനെതിരെ കൊച്ചി സിറ്റിയിലെ വിവിധ സ്റ്റേഷനുകളില്‍ കൊലപാതകശ്രമം, കവര്‍ച്ച, മയക്കുമരുന്ന് കച്ചവടം തുടങ്ങി 25ലധികം കേസുകള്‍ നിലവിലുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഘത്തിലെ കൂടുതല്‍ പേര് പോലീസ് കസ്റ്റഡിയില്‍ ഉണ്ടെന്നാണ് സൂചന.