കണ്ണൂർ: പുതുതലമുറ ലഹരിമരുന്നായ എംഡിഎംഎ അടയ്ക്കം മാരക മയക്കുമരുന്നുകളുടെ പറുദീസയായി കേരളം മാറിയതോടെ പോലീസിന്റെ കണ്ണ് വെട്ടിക്കാൻ പുതിയ തന്ത്രവുമായി കേരളത്തിലെ മയക്കുമരുന്ന് മാഫിയ.
ശാസ്ത്രീയ അന്വേഷണത്തിന്റെ ഭാഗമായി മയക്കുമരുന്ന് മാഫിയങ്ങളെ കണ്ടെത്തുന്നതിനും അവരുടെ ഇടപാടുകൾ മനസിലാക്കുന്നതിനും പോലീസ് പ്രധാനമായും ആശ്രയിക്കുന്നത് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തെയാണ്.
എന്നാൽ ഇത് തിരിച്ചറിഞ്ഞ ലഹരിമരുന്ന് മാഫിയ സംഘത്തിലെ പ്രധാന കണ്ണികൾ ഇപ്പോൾ തങ്ങളുടെ സാമ്പത്തിക ഇടപാടുകൾ പ്രധാനമായും നടത്തുന്നത് അന്യരുടെയും ചെറിയ പരിചയമുള്ളവരുടേയും ഓൺലൈൻ ഇടപാടുകളിലൂടെയാണെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു.
പ്രധാനമായും മൊബൈൽ റീചാർജ് സ്ഥാപനങ്ങൾ, വ്യാപാരികൾ, ചെറിയ പരിചയക്കാർ എന്നിവരുടെ ഓൺ ലൈൻ അക്കൗണ്ടുകൾ വഴിയാണ് ഇടാപാട് നടത്തുന്നതെന്നാണ് പോലീസിന് വ്യാക്തമായത്.
അടുത്തകാലത്ത് മട്ടന്നൂരിൽ നിന്ന് പിടികൂടിയ മയക്കുമരുന്ന് സംഘം പ്രധാനമായും ഉപയോഗിച്ചത് ഇത്തരം തന്ത്രമാണ്.
റീചാർജ് മൊബൈൽ സെന്റർ ഉടമ വരെ അന്വേഷണത്തിന്റെ പരിധിയിൽ വന്ന സംഭവം ഉണ്ടായി. നിശ്ചിത പണവുമായി ഇത്തരം വ്യാപാരികളെ സമീപിക്കുന്ന സംഘം തനിക്ക് പണം അയയ്ക്കുന്നതിന് ഗൂഗിൾ പേ പോലുള്ള ഓൺ ലൈൻ സംവിധാനമില്ലെന്നും ഈ തുക ഒന്ന് നിങ്ങളുടെ ഓൺലൈൻ അക്കൗണ്ട് വഴി ഇന്ന നന്പറിൽ അയച്ചുകൊടുക്കണമെന്നു പറഞ്ഞ് തുക കൈമാറുകയാണ്.
മൊബൈൽ റീചാർജ് സ്ഥാപനങ്ങളിലുള്ളവരാണ് പ്രധാനമായും ഇത്തരം തട്ടിപ്പിന് ഇരയാകുന്നത്. ഇടാപടുകളെപ്പറ്റി പോലീസ് അന്വേഷിക്കുന്പോൾ പ്രധാനമായും ആദ്യം കുരുക്കിലാകുന്നത് ഇത്തരം നിരപരാധികളായ വ്യാപാരികളാണ്. എന്നാൽ സ്വന്തം ഹോട്ടലിൽ വച്ച് ബന്ധപ്പെട്ടവർക്ക് മയക്കു മരുന്ന് വിതരണം ചെയ്യുന്ന വ്യാപാരിയും കണ്ണൂരിൽ പോലീസിന്റെ പിടിയിലായിട്ടുണ്ട്. അടുത്ത നാളാണ് സഹോദരങ്ങളായ തളാപ്പിലെ ഹോട്ടൽ നടത്തിപ്പുകാർ പോലീസിന്റെ പിടിയിലായത്.
ഡിറ്റർജന്റ്, ചില പെർഫ്യൂം തുടങ്ങിയവ നിർമിക്കുന്ന ചെറുകിട വ്യവസായ സംരംഭകരെ ചാക്കിട്ടു പിടിച്ച് ചില കേന്ദ്രങ്ങളിൽ എംഡിഎംഎ നിർമാണം നടക്കുന്നതായും സൂചനയുണ്ട്. ചെറുകിട ഡിറ്റർജന്റ്, പെർഫ്യും നിർമാതാക്കൾക്കു വലിയ തുക വിഹിതമായി നൽകിയാണ് നിർമാണം. ഓരോ തവണ നിർമാണം കഴിഞ്ഞാലും താത്കാലിക ലാബ് ഉൾപ്പെടെ എല്ലാം എടുത്തു മാറ്റും.
അതിനാൽ ഇത്തരം കേന്ദ്രങ്ങൾ കണ്ടെത്തി പിടികൂടുക എളുപ്പമല്ല. രാസവസ്തുക്കൾ കൃത്യമായ അനുപാതത്തിൽ ചേർത്തു ചൂടാക്കിയാലേ ഫലം ലഭിക്കൂ. ഇക്കാര്യത്തിൽ ആഫ്രിക്കൻ വംശജർക്കാണു പ്രാവീണ്യമെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കേരളവും ഗോവയുമാണ് എംഡിഎംഎയുടെ പ്രധാന വിപണി.
സ്കൂളുകളിലും കോളജ് കാമ്പസുകളിലും മയക്കുമരുന്നിന്റെ വ്യാപനം ഭയാനകമായ തോതിലേക്ക് കുതിക്കുന്നുവെന്ന ആശങ്ക ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിവിധ ഏജന്‍സികളിലെ ഉദ്യോഗസ്ഥരും മനശാസ്ത്രവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. അടുത്ത കാലത്തെ ലഹരിയുടെ വ്യാപനവും ഉപഭോഗവും വ്യക്തമാക്കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത് കേരളത്തിലെ യുവതയുടെ പോക്ക് അത്ര സുരക്ഷിതമല്ലെന്നാണ്.
ലഹരി ഉപഭോക്താക്കളിൽ ഡോക്ടർമാരും
എംഡിഎംഎ അടയ്ക്കം മാരക മയക്കുമരുന്ന് ഉപയോഗിക്കുന്ന ഡോക്ടർമാരുടെ എണ്ണവും ക്രമാതീതമായി വർധിക്കുന്നതായി അന്വേഷണം ഉദ്യോഗസ്ഥർ പറയുന്നു. ഡോക്ടർമാരടക്കം പ്രധാന മയക്കുമരുന്ന് ഏജന്റിന്റെ വീട്ടിലെ പ്രധാന സന്ദർശകരാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. രാത്രി ഉറക്കമൊഴിഞ്ഞ് നിൽക്കുന്നതു കൊണ്ടാണ് ഇത് ഉപയോഗിക്കേണ്ടി വരുന്നതെന്നാണ് ചില ഡോക്ടർമാർ പോലീസിനോട് പറഞ്ഞത്.
എന്നാൽ മയക്കുമരുന്ന് ഉപയോഗിക്കുന്ന ഇത്തരം ഡോക്ടർമാർ ഒരു രോഗിയെ ചികിത്സിച്ചാലുള്ള അവസ്ഥ എന്തായിരിക്കും എന്നത് ഭീതിപെടുത്തുന്നതാണ്.
എംഡിഎംഎയുള്‍പ്പെടെയുള്ള സിന്തറ്റിക് ലഹരി മരുന്നുകളുമായി തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഹൗസ് സര്ജന് അഖില്‍ മുഹമ്മദ് ഹുസൈന് പിടിയിലായത് അടുത്ത നാളിലാണ്. ഇയാള്‍ ലഹരി ഉപയോഗം മാത്രമല്ല വില്പനയും നടത്തിയിരുന്നതായി മെഡിക്കല്‍ കോളജ് പോലീസ് വ്യക്തമാക്കിയിരുന്നു.
പി. ജയകൃഷ്ണൻ