ആലുവ: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വച്ച് വിഡീയോ ചിത്രീകരിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാവിനെ സംഘടനയിൽനിന്ന് പുറത്താക്കി. ആലുവ ചൂണ്ടി ഭാരതമാത ലോ കോളജിലെ മുൻ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അദീൻ നാസറിനെതിരെയാണ് നടപടിയെടുത്തത്.
കഴിഞ്ഞ 21നായിരുന്നു സംഭവം നടന്നത്. കോളജ് ഓഫീസിന് മുന്നിൽ പ്രശസ്തമായ ദണ്ഡിയാത്ര ദൃശ്യം ചിത്രീകരിച്ച് ഗാന്ധിജിയുടേയും അനുഗമിക്കുന്നവരുടേയും ശിൽപ്പങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവും മുന്നിൽനിന്ന് നയിക്കുന്ന ഗാന്ധിജിയുടെ ശിൽപ്പത്തെ ആണ് വിദ്യാർഥി അപമാനിച്ചത്.
പ്രതിമയിൽ കണ്ണട വച്ച ശേഷം ‘മരിച്ചു പോയ ആളല്ലെ ? കുഴപ്പമില്ല’ എന്ന് പറഞ്ഞ് അദീൻ മൊബൈൽ ഫോണിൽ ഫോട്ടോ എടുക്കുന്ന വീഡിയോയാണ് വിവാദമായത്. സഹവിദ്യാർഥിനികൾ ചിരിക്കുന്നതും വീഡിയോടൊപ്പം കേൾക്കാം.
വീഡിയോ ദൃശ്യങ്ങൾ ക്രിസ്മസ് അവധിക്കാലത്ത് വ്യാപകമായി പ്രചരിച്ചു. കോളജ് വിദ്യാർഥികളുടെ വാട്സ് ആപ് ഗ്രൂപ്പിലാണ് ആദ്യം വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയുടെ അടിസ്ഥാനത്തിൽ വിദ്യാർഥിയെക്കൊണ്ട് പരസ്യമായി മാപ്പു പറയിപ്പിച്ചിരുന്നുവെന്നാണ് എസ്എഫ്ഐ എടുത്ത നിലപാട്. ഭാരവാഹിത്വത്തിൽനിന്ന് നേരത്തേ ഒഴിവാക്കിയതായും പ്രസ്താവന ഇറക്കിയിരുന്നു.
കോളജ് ഗ്രൂപ്പിൽനിന്ന് വ്യാപകമായി വീഡിയോ പ്രചരിച്ചതോടെ ഇന്നലെ കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി അൽ അമീൻ പരാതി നൽകി. എടത്തല പോലീസ് ആദ്യം വിസമ്മതിച്ചെങ്കിലും കേസെടുത്തു. ഗാന്ധിനിന്ദ നടത്തിയ എസ്എഫ്ഐ നേതാവിനെതിരേ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഗാന്ധിദർശ സമിതി ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് ജോൺ വാലത്ത് കേരള മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്.