മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് മീരാ ജാസ്മിൻ. ശ്രദ്ധേയ വേഷങ്ങളിലൂടെ മലയാളികളുടെ മനസിൽ താരം ഇടം നേടുകയായിരുന്നു അച്ചുവിന്റെ അമ്മ, സ്വപ്നക്കൂട്, കസ്തൂരിമാൻ തുടങ്ങിയ സിനിമകളിലെ മീരയുടെ വേഷങ്ങൾ ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.
അഭിനയമികവുകൊണ്ട് കൈയടി നേടിയ മീര മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും തിളങ്ങി. മികച്ച നടിക്കുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ സ്വന്തമാക്കാനും മീരയ്ക്ക് കഴിഞ്ഞു. എന്നാൽ പിന്നീട് സിനിമയിൽനിന്ന് ഇടവേളയെടുക്കുകയായിരുന്നു താരം.
ഏകദേശം ആറു വർഷം സിനിമയിൽനിന്ന് അകന്നുനിന്ന മീര കഴിഞ്ഞവർഷമാണ് വീണ്ടും വെള്ളിത്തിരയിലേക്കു മടങ്ങിയെത്തിയത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മകൾ എന്ന സിനിമയിലൂടെ ആയിരുന്നു മീരയുടെ തിരിച്ചുവരവ്. ഇപ്പോഴിതാ മലയാളത്തിലും തമിഴിലുമൊക്കെ കൂടുതൽ സിനിമകളുടെ ഭാഗമായി വീണ്ടും സജീവമാവുകയാണ് താരം. ക്വീൻ എലിസബത്താണ് മീരയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് മീര ഇപ്പോൾ. അതിനിടെ കരിയറിൽ താനെടുത്ത ഇടവേളയെക്കുറിച്ച് പറയുകയാണ് മീര.
പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മിർച്ചി മലയാളത്തിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മീര. സിനിമയിൽ എടുത്ത ഇടവേളയോർത്ത് കുറ്റബോധം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മറുപടി. എനിക്കങ്ങനെ തോന്നിയിട്ടേയില്ല. കാരണം ഒരിടവേള തീർച്ചയായും വേണമായിരുന്നു.
അല്ലെങ്കിൽ ഞാൻ ഇങ്ങനെ ഇരിക്കില്ല. ഇന്ന് ഞാൻ ഒരു വ്യത്യസ്തയായ ആളാണ്. എന്റെയൊരു ബെറ്റർ വേർഷൻ ആയിട്ടുണ്ടെന്ന് എനിക്ക് സ്വയം തോന്നുന്നുണ്ടെങ്കിൽ അതിനു കാരണം ആ ബ്രേക്കാണ്.
എന്റെ ജീവിതത്തിനും എന്റെ ആരോഗ്യത്തിനുമെല്ലാം അത് ആവശ്യമായിരുന്നു. തുടർച്ചയായി ഒരേ കാര്യങ്ങൾ തന്നെ ചെയ്ത് ജീവിതം മുന്നോട്ടു പോകുമ്പോൾ നമ്മൾ അറിയുന്നില്ല പല കാര്യങ്ങളും. ഇടയ്ക്ക് അതിൽനിന്നു മാറി സ്വയം വിലയിരുത്തണം. എന്താണ് സംഭവിച്ചതെന്ന് അപ്പോൾ മനസിലാകും.
ഞാൻ എന്ന വ്യക്തിയിലും എല്ലാ കാര്യത്തിലും വന്ന മാറ്റങ്ങൾ അപ്പോൾ നമുക്കു മനസിലാക്കാം. അങ്ങനെ മാറിനിന്നു നോക്കുന്ന ഒരു സമയമായിരുന്നു അത്. സ്വയം വിലയിരുത്താൻ ഏറ്റവും നല്ല മാർഗമാണത്- മീരാ ജാസ്മിൻ പറഞ്ഞു.