തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള പോരിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളത്തിൽ തിരിച്ചെത്തും. വൈകിട്ട് 6.30നാണ് ഗവർണർ തലസ്ഥാനത്തെത്തുക.
വിമാനത്താവളത്തിൽ നിന്ന് രാജ് ഭവനിലേക്കുള്ള യാത്രയിൽ പഴുതടച്ച കനത്ത സുരക്ഷ ഒരുക്കും. അതേസമയം ഗവർണർക്കെതിരായ പ്രതിഷേധം തുടരുമെന്നാണ് എസ് എഫ് ഐയുടെ നിലപാട്.
നാളെയാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. സർക്കാരുമായുള്ള ഏറ്റുമുട്ടലിനുശേഷം മുഖ്യമന്ത്രിയും ഗവർണറും ഒരുമിച്ചെത്തുന്ന വേദിയായിരിക്കും നാളത്തെ സത്യപ്രതിജ്ഞാ ചടങ്ങ്.
ഒരാഴ്ചയ്ക്കു ശേഷമാണ് ഗവർണർ സംസ്ഥാനത്തെത്തുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ഗവർണർ ഡൽഹിയിലേക്ക് തിരിച്ചപ്പോൾ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചിരുന്നു. ഇന്ന് ഗവർണർ തിരിച്ചെത്തുന്പോൾ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ചാണ് കനത്ത സുരക്ഷ ഒരുക്കുന്നത്.
നാളെ രാജ്ഭവനിലാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. കെ.ബി.ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും നാളെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.നാളെ വൈകിട്ട് നാലിനാണ് സത്യപ്രതിജ്ഞ.
ചടങ്ങിനു ശേഷം ഗവര്ണര് മുംബൈയ്ക്കു പോകും. മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകുമോ എന്ന ആംകാക്ഷയും നിലനിൽക്കുന്നുണ്ട്. സിനിമാ വകുപ്പ് കൂടി കെ.ബി.ഗണേഷ് കുമാറിന് നൽകണമെന്ന് കേരള കോൺഗ്രസ് (ബി) മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
കേരള സർവകലാശാലസിൻഡിക്കേറ്റ് യോഗം ഇന്ന്
കേരളാ സർവകലാശാല സിൻഡിക്കേറ്റ് യോഗം ഇന്ന് ചേരും. വിസിയും ഇടത് സിൻഡിക്കോറ്റ് അംഗങ്ങളും തമ്മിലുള്ള പോരിനിടെയാണ് ഇന്ന് യോഗം ചെരുന്നത്. സർവകലാശാലയ്ക്ക് മുന്നിൽ ഗവർക്കെതിരായി എസ്എഫ്ഐ സ്ഥാപിച്ച ബാനർ നീക്കം ചെയ്യാൻ വിസി നിർദേശിച്ചിരുന്നെങ്കിലും ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ എതിർപ്പ് മൂലം നടപ്പായിരുന്നില്ല.