കല്‍പ്പറ്റ: സൗത്ത് വയനാട് വനം ഡിവിഷിനിലെ ചെതലത്ത് റേഞ്ചില്‍പ്പെട്ട വാകേരി സിസിയില്‍ ജനവാസകേന്ദ്രത്തില്‍ വീണ്ടും കടുവ സാന്നിധ്യം. ബുധനാഴ്ച രാത്രി ഒമ്പതോടെ പ്രദേശത്തെ കര്ഷകന് വര്‍ഗീസിന്റെ ആടിനെ കടുവ കൊന്നു. കൂട്ടില്‍നിന്നു കരച്ചില് കേട്ട് പുറത്തിറങ്ങിയ വീട്ടുകാര്‍ ആടുകളില്‍ ഒന്ന് റോഡിലേക്ക് ഓടുന്നതാണ് കണ്ടത്.
പന്തികേട് തോന്നിയ വീട്ടുകാര്‍ പന്തം കത്തിച്ച് കൂട്ടില്‍ നോക്കിയപ്പോഴാണ് ആടിനെ കടുവ പിടിച്ച നിലയില്‍ കണ്ടത്. വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ വനപാലകര്‍ കടുവയെ പിടിക്കുന്നതിന് രാത്രിതന്നെ വര്‍ഗീസിന്റെ വീടിനടുത്ത് കൂട് സ്ഥാപിച്ചു.
ആടിന്റെ ജഡമാണ് ഇരയായി വച്ചിരിക്കുന്നത്. ആടിനെ തിന്നാന്‍ ഇന്നു രാത്രി കടുവ വീണ്ടും എത്തുമെന്ന അനുമാനത്തിലാണ് വനപാലകര്‍. വാകേരി സിസിയില്‍ ഞാറക്കാട്ടില്‍ സുരേന്ദ്രന്റെ പശുവിനെ കഴിഞ്ഞദിവസം കടുവ കൊന്നിരുന്നു. കടുവ സാന്നിധ്യം സിസിയിലും സമീപങ്ങളിലുമുള്ളവരെ ഭീതിയിലാക്കി. ഭയത്തോടെയാണ് ആളുകള്‍ പുറത്തിറങ്ങുന്നത്.