റാഞ്ചി: ദമ്പതികളും രണ്ടുമാസം പ്രായമുള്ള കുഞ്ഞും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ജാർഖണ്ഡിലെ പലാമു ജില്ലയിലെ തെലിയാദി ഗ്രാമത്തിലാണ് സംഭവം.
ദമ്പതികൾ കുഞ്ഞിനെ കൊലപ്പെടുത്തിയതിന് ശേഷം ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഗ്രാമവാസികൾ അറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും അമ്മയും കുഞ്ഞും മരിച്ചിരുന്നു.
കുഞ്ഞിന്റെ പിതാവ് ജോഗേന്ദ്ര ഭുനിയയ്ക്ക് ജീവനുണ്ടായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഇയാളും മരിച്ചു. രണ്ടുവർഷം മുൻപായിരുന്നു ജോഗേന്ദ്രയുടെ വിവാഹം.
ബുധനാഴ്ച ദമ്പതികൾ തമ്മിൽ വഴക്കുണ്ടായെന്ന് ഗ്രാമവാസികൾ പറയുന്നു. വ്യാഴാഴ്ച രാവിലെ ദമ്പതികൾ വാതിൽ തുറക്കാത്തതിനെ തുടർന്നാണ് ഗ്രാമവാസികൾ പോലീസിൽ വിവരമറിയിച്ചത്.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചതായി ഛത്തർപുർ സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്ഡിപിഒ) അജയ് കുമാർ പറഞ്ഞു.
മൂവരുടെയും മരണത്തിൽ ദുരൂഹതയുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൃത്യമായ കാരണം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.