തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം.തിരുവനന്തപുരം മലയൻകീഴ് സ്വദേശി രാജേഷിനെയാണ് കാട്ടാക്കട പോക്സോ കോടതി ശിക്ഷിച്ചത്.
പ്രതിക്ക് 23 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ചുമത്തി. പിഴ ഒടുക്കിയില്ലെങ്കിൽ 13 മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.
2013ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടിൽ നിന്ന് ആരോഗ്യ ഇൻഷുറൻസ് കാർഡ് എടുക്കുന്നതിനായി പോയ അതിജീവിതയെ തട്ടികൊണ്ടുപോയ പ്രതി ഗുരുവായൂരിലെത്തിച്ച് വാടക വീടെടുത്തു പീഡിപ്പിക്കുകയായിരുന്നു. മകളെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നല്‍കിയിരുന്നു.
പിന്നാലെ പോലീസ് നടത്തിയ പരിശോധനയിൽ പെണ്‍കുട്ടിയെ തൃശൂരിൽ നിന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തുവരുന്നത്.