കോട്ടയം: കോട്ടയം കാണക്കാരിയിൽ പാറക്കുളത്തിൽ കാർ വീണ് യുവാവിന് ദാരുണാന്ത്യം. കുറുപ്പന്തറ കൊണ്ടുക്കാല സ്വദേശി ഞാറുകുളത്തേൽ കിണറ്റുങ്കൽ ലിജീഷാണ് (45) മരിച്ചത്. കളത്തൂർ കാണക്കാരി റോഡിൽ മണ്ഡപം പടിക്ക് സമീപം വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
കോട്ടയം മെഡിക്കൽ കോളജ് – ഗാന്ധിനഗർ റോഡിൽ കട നടത്തുകയാണ് ഇദ്ദേഹം. രാത്രിയിൽ കടയടച്ചശേഷം വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. കാർ നിയന്ത്രണം വിട്ട് കുളത്തിലേക്ക് വീണതാണെന്നാണ് പ്രാഥമിക നിഗമനം.
ഇന്നുരാവിലെയാണ് പ്രദേശവാസികൾ പാറക്കുളത്തിൽ കാർ കണ്ടെത്തിയത്. കാറിന്റെ ഒരു ഭാഗം വെള്ളത്തിൽ ഉയർന്നു നിൽക്കുന്ന നിലയിലായിരുന്നു. കാർ തെന്നി കുളത്തിലേക്ക് മറിഞ്ഞതിന്റെ പാടുകൾ സ്ഥലത്തു കാണാനുണ്ടെന്ന് പോലീസ്.
ഫയർഫോഴ്സ് അധികൃതരെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. പോലീസ് ക്രെയിനിന്റെ സഹായത്തോടെ വാഹനം ഉയർത്തി കരയ്ക്കെത്തിച്ചു. കുറവിലങ്ങാട് പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. അപകടമരണം തന്നെയാണോ എന്നത് അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി.