കോഴിക്കോട്: പുതുവർഷം തകര്ത്താഘോഷിച്ചോളൂ… പക്ഷെ അത് റോഡില്‍ മറ്റുള്ളവരുടെ ജീവന്‍കൂടി അപകടത്തിലാക്കി വേണ്ട…സോഷ്യല്‍ മീഡിയയില്‍ സ്റ്റാറാകാന്‍ വേണ്ടി യുവാക്കള്‍ നടത്തുന്ന ബൈക്ക്, കാര്‍ റേസിംഗുകളും നിയമം കാറ്റില്‍ പറത്തികൊണ്ടുള്ള യാത്രയും തടയാന്‍ കര്‍ശന പരിശോധനയുമായി രംഗത്തെത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.
കാമറയില്ലാത്തിടത്തു നേരിട്ടിറങ്ങി പരിശോധന നടത്താനാണു തീരുമാനം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ആഘോഷനാ ളുകളിൽ കുട്ടികള്‍ എങ്ങോട്ടുപോകുന്നുവെന്ന കാര്യത്തില്‍ രക്ഷിതാക്കളും ജാഗ്രത പുലര്‍ത്തണമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസസ്ഥര്‍ മുന്നറിയിപ്പ് നല്കുന്നു.
വാഹന ഉടമയുടെ പേരില്‍ കര്‍ശന നടപടിയായിരിക്കും സ്വീകരിക്കുക. കോഴിക്കോട് ബൈക്കോടിച്ച ഒന്പതുകാരനെതിരേയും രക്ഷിതാക്കൾക്കെതിരേയും കേസെടുത്തിട്ടുണ്ട്. കുട്ടിക്കെതിരേ ജുവനൈൽ നടപടിക്കും ബൈക്ക് നൽകിയ ഉടമയ്ക്കെതിരേ മജിസ്ട്രേറ്റ് കോടതിയിലും റിപ്പോർട്ടും നൽകി.
ക്രിസ്മസിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാന്‍ അര്‍ധരാത്രിക്ക് ബൈക്കില്‍ സാഹസിക അഭ്യാസ പ്രകടനം നടത്തിയ അഞ്ച് യുവാക്കളുടെ ലൈസന്‍സാണ് ഇന്നലെ മാത്രം സസ്പെന്‍ഡ് ചെയ്തത്.
ഡിസംബര്‍ 22ന് രാത്രി കോഴിക്കോട് മിനി ബൈപ്പാറില് അഭ്യാസ പ്രകടനം നടത്തിയ കോഴിക്കോട് സ്വദേശികളായ യുവാക്കളെയാണ് വിവിധ സമയങ്ങളിലായി പിടികൂടിയത്.
അഭ്യാസ പ്രകടനം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു എംവിഡിയുടെ നടപടി. സ്കൂട്ടറിന്റെ മുകളില്‍ കയറിനിന്നാണ് യാത്ര ചെയ്തത്.
ലൈസന്‍സ് മൂന്നു മാസത്തേക്കാണ് സസ്പെന്‍ഡ് ചെയ്തത്. യുവാക്കള്‍ എടപ്പാളിലെത്തി മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശീലന ക്ലാസില്‍ പങ്കെടുക്കുകയും വേണം. പരിശോധന തുടര്‍ ദിവസങ്ങളിലും തുടരും.
സ്വന്തം ലേഖകന്‍