കോട്ടയം: വിനോദസഞ്ചാരസാധ്യതകള്‍ പ്രയോജനപ്പെടുത്തി ലോകശ്രദ്ധ നേടിയ കോട്ടയം അയ്മനം പഞ്ചായത്തിലെ വലിയമടക്കുളം ടൂറിസം പദ്ധതി ഉദ്ഘാടനത്തിനൊരുങ്ങുന്നു. ജല വിനോദസഞ്ചാര മേഖലയിലെ ഗ്രാമീണ സാധ്യതകള്‍ പ്രയോജനപ്പെടുത്തുംവിധമാണ് പദ്ധതി വിഭാവനം ചെയ്തത്.
സ്ഥലം എംഎൽഎകൂടിയായ മന്ത്രി വി.എൻ. വാസവൻ മുൻകൈയെടുത്ത് ടൂറിസം വകുപ്പിന്റെ അഞ്ച് കോടി രൂപ ചെലവിട്ടാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. വലിയമട വാട്ടര്‍ ഫ്രണ്ടേജ് എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ഇതിനായി അയ്മനം പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ സ്ഥിതി ചെയ്യുന്ന 5.5 ഏക്കര്‍ വിസ്തൃതിയുള്ള വലിയമടക്കുളം നവീകരിച്ചു.
കളര്‍ മ്യൂസിക് വാട്ടര്ഫൗണ്ടന്, ഫ്ളോട്ടിംഗ് റെസ്റ്ററന്റ്, ഫ്ളോട്ടിംഗ് വാക് വേ, കുളത്തിലൂടെ രണ്ടു മുതല്‍ നാലുപേര്‍ക്കുവരെ ബോട്ടിംഗ് സാധ്യമാക്കുന്ന പെഡല്‍ ബോട്ടിംഗ് സംവിധാനം, വിശ്രമമുറികള്‍, പത്തോളം ഇരിപ്പിടങ്ങള്‍, കുട്ടികള്‍ക്കുള്ള കളിയിടം, സൈക്ലിംഗ് ഏരിയ, പൂന്തോട്ടം തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി ഉണ്ടാകും. മഴക്കാലമായാല്‍ പോലും വിനോദസഞ്ചാരത്തിന് തടസമാകാത്ത വിധമാണ് പദ്ധതിയുടെ രൂപീകരണം. ഇതിനായി കുളത്തിലെ ജലനിരപ്പ് കൃത്യമായ അളവില്‍ ക്രമീകരിച്ച് നിര്‍ത്താന്‍ സാധിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.
മഴപെയ്ത് കുളത്തില്‍ വെള്ളം നിറഞ്ഞാല്‍ അധികമായി വരുന്ന ജലം സമീപത്തെ തോട്ടിലൂടെ ഒഴുക്കിവിടാനും അതിലൂടെ കുളത്തിലെ ജലത്തിന്റെ അളവ് പദ്ധതിക്ക് അനുസൃതമാകും വിധം ക്രമീകരിച്ചു നിര്‍ത്താനും ഇതിലൂടെ സാധിക്കും. പ്രാദേശിക -വിദേശ വിനോദ സഞ്ചാരികളെഒരുപോലെ ആകര്‍ഷിക്കുന്ന വിധമാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ അയ്മനം എന്ന പേര് ഒരിക്കല്‍കൂടി ലോക ടൂറിസം ഭൂപടത്തില്‍ ഇടംനേടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.