ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തെ അഞ്ഞൂറോളം ജില്ലകളിൽ ട്രാക്ടർ പരേഡ് നടത്തുമെന്നു സംയുക്ത കിസാൻ മോർച്ച (എസ്കെഎം) അറിയിച്ചു. ദേശീയ തലസ്ഥാനത്ത് ഔപചാരിക റിപ്പബ്ലിക് ദിന പരേഡിന്റെ സമാപനത്തിനുശേഷമാകും ട്രാക്ടർ പരേഡ് നടത്തുക.
പരേഡിൽ പങ്കെടുക്കാൻ എല്ലാവരെയും ക്ഷണിക്കുന്നുവെന്നും കിസാൻ മോർച്ച അറിയിച്ചു. പരേഡിൽ പങ്കെടുക്കുന്ന കർഷകർ സംഘടനകളുടെ പതാകകൾക്കൊപ്പം ദേശീയപതാകയും ഉയർത്തും.
ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യം, ഫെഡറലിസം, മതേതരത്വം, സോഷ്യലിസം എന്നീ തത്വങ്ങൾ സംരക്ഷിക്കുമെന്നു കർഷകർ പ്രതിജ്ഞയെടുക്കും. ട്രാക്ടറുകൾക്കൊപ്പം മറ്റു വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പരേഡിൽ ചേരും.
വർഗീയവും ജാതിപരവുമായ ധ്രുവീകരണത്തിലൂടെ ജനങ്ങളെ ചൂഷണം ചെയ്യുകയും ഭിന്നിപ്പിക്കുകയും ചെയ്യുന്ന കോർപ്പറേറ്റ്-വർഗീയ അവിശുദ്ധ കൂട്ടുകെട്ട് ഇല്ലാതാക്കാനുള്ള പ്രചാരണം നടത്താനും പരേഡ് വിജയിപ്പിക്കാൻ കിസാൻ മോർച്ച ഇന്ത്യയിലുടനീളമുള്ള കർഷകരോട് ആഹ്വാനം ചെയ്തു.
2021 ജനുവരി 26ന്, കേന്ദ്രത്തിന്റെ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർഷക യൂണിയനുകൾ വിളിച്ചുചേർത്ത ട്രാക്ടർ റാലിയിൽ പ്രതിഷേധിച്ച ആയിരക്കണക്കിനു കർഷകർ പോലീസുമായി ഏറ്റുമുട്ടിയതു വലിയ വാർത്തയായിരുന്നു.