കോട്ടയം: ഉത്സവാഘോഷങ്ങൾക്ക് ആനകളെ എഴുന്നള്ളിക്കുന്നതിന് കര്‍ശന നിര്‍ദേശങ്ങളുമായി മൃഗസംക്ഷണവകുപ്പ്. പാലിക്കേണ്ട വ്യവസ്ഥകള്‍ മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കി. ആന ഉടമയുടെ ഡാറ്റ ബുക്കിന്റെ പകര്‍പ്പ് എഴുന്നള്ളത്തിനുമുമ്പു ഹാജരാക്കണം. മൃഗസംരക്ഷണ-വനംവകുപ്പുകള്‍ പരിശോധിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. രാവിലെ 11നും ഉച്ചകഴിഞ്ഞ് 3.30നും ഇടയിലുള്ള സമയം എഴുന്നുള്ളിക്കാന്‍ പാടില്ല.
ഒരു ദിവസം ആറുമണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി എഴുന്നള്ളിപ്പ് അനുവദനീയമല്ല. പരമാവധി ഒരു ദിവസം രണ്ടു പ്രാവശ്യം നാലു മണിക്കൂര്‍ വീതം എഴുന്നള്ളിപ്പിക്കാം. രാത്രി ഉപയോഗിച്ച ആനകളെ വീണ്ടും അടുത്ത പകല്‍ എഴുന്നള്ളിപ്പിക്കരുത്. ആനകള്‍ ഉള്‍പ്പെടുന്ന പുതിയ പൂരങ്ങള്‍ക്ക് അനുവാദം നല്‍കില്ല. 2020 വരെ രജിസ്റ്റര്‍ ചെയ്തവയ്ക്കാണ് അനുമതി.
എല്ലാവരും ആനകളില്‍നിന്ന് മൂന്നു മീറ്റര്‍ മാറിനില്‍ക്കണം. ആനപ്പാപ്പനും സഹായിയുമൊഴികെ ആരും ആനകളെ സ്പര്‍ശിക്കാന്‍ പാടില്ല. ആനകളെ ഉപയോഗിക്കുന്ന എല്ലാ ഉത്സവങ്ങളും ഉത്സവക്കമ്മിറ്റി 72 മണിക്കൂര്‍ സമയത്തേക്ക് 25 ലക്ഷം രൂപയ്ക്കെങ്കിലും ഇന്‍ഷ്വര്‍ ചെയ്യണം. പാപ്പാനും സഹായിയും മദ്യപിച്ച് ജോലിക്കെത്തരുത്. പോലീസിന്റെ പരിശോധനയ്ക്കു വിധേയരാകണം.
ആനകളെ ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേക്കു കൊണ്ടുപോകുമ്പോള്‍ ഡിഎഫ്ഒമാരില്നിന്നു വാഹന പെര്‍മിറ്റ് എടുത്തിരിക്കണം. 25 വര്‍ഷം മുമ്പ് ആചാരപ്രകാരം നടത്തിയിട്ടുള്ള ആനയോട്ടം മാത്രമേ ഇനി അനുവദിക്കൂ. തലപ്പൊക്കമത്സരം പോലെയുള്ള ചടങ്ങുകള്‍ അനുവദിക്കില്ല. 15ല്‍ കൂടുതല്‍ ആനകളെ പങ്കെടുപ്പിക്കുന്ന ഉത്സവങ്ങള്‍ നടത്താന്‍ മതിയായ സ്ഥലമുണ്ടോയെന്നും പരിശോധിക്കുകയും ചെയ്യും.