ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രനട ഇന്നു വൈകുന്നേരം അഞ്ചിനു തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പൂതിരി നടതുറക്കും. തുടര്‍ന്ന് മേല്‍ശാന്തി ആഴിയില്‍ അഗ്നി പകരും. അതിനുശേഷം തീര്‍ഥാടകര്‍ക്ക് പതിനെട്ടാംപടി ചവിട്ടി ദര്‍ശനം അനുവദിക്കും.
ഇക്കൊല്ലത്തെ മകരവിളക്ക് ജനുവരി 15നാണ്. 12ന് എരുമേലി പേട്ടതുള്ളലും 13നു പന്തളത്തുനിന്നു തിരുവാഭരണ ഘോഷയാത്രയും നടക്കും. മകരവിളക്കു പ്രമാണിച്ച് 13നു വൈകുന്നേരം പ്രാസാദശുദ്ധിക്രിയകള്‍ നടക്കും. 14നു രാവിലെ ബിംബശുദ്ധിക്രിയകളും നടക്കും.
മകരവിളക്കു ദിവസം വെളുപ്പിന് 2.46നു മകരസംക്രമ പൂജ നടക്കും. പതിവുപൂജകള്‍ക്കുശേഷം വൈകുന്നേരം അഞ്ചിനാണ് അന്നു നടതുറക്കുക. തുടര്‍ന്നു തിരുവാഭരണം സ്വീകരിക്കല്‍, തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന, മകരവിളക്കു ദര്‍ശനം എന്നിവ നടക്കും. 15 മുതല്‍ 19 വരെ എഴുന്നള്ളിപ്പും നടക്കും.
19നു ശരംകുത്തിയിലേക്ക് എഴുന്നള്ളത്തു നടക്കും. ജനുവരി 20 വരെ ഭക്തര്‍ക്കു ദര്‍ശനത്തിനുള്ള സൗകര്യമുണ്ടായിരിക്കും. 21നു തിരുവാഭരണ പേടകം തിരിച്ചെഴുന്നള്ളിക്കും. തുടര്‍ന്ന് രാവിലെ പന്തളം രാജപ്രതിനിധിദര്ശനം നടത്തിയ ശേഷം നട അടക്കും.
കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്ന മകരവിളക്കുകാലത്തേക്കു ക്രമീകരണങ്ങളും വിപുലപ്പെടുത്തി. കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളുടെയും നിലയ്ക്കല്‍ പമ്പ ചെയിന്‍ സര്‍വീസുകളുടെയും എണ്ണം കൂട്ടി. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി കൂടുതല്‍ പോലീസും ഉണ്ടാകും. പമ്പ മുതല്‍ സന്നിധാനം വരെയുള്ള പാതയില്‍ ദേവസ്വം ബോര്‍ഡിന്റെ ഔഷധ കുടിവെള്ള വിതരണവും ഉണ്ട്. ക്യൂ കോംപ്ലക്സുകളിലും തീര്‍ഥാടകര്‍ക്കു കൂടുതല്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.