ന്യൂഡല്‍ഹി: കനേഡിയന്‍ ഗുണ്ടാ നേതാവ് ലഖ്ബീര്‍ സിംഗ് ലാന്‍ഡയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭീകരനായി പ്രഖ്യാപിച്ചു. യുഎപിഎ പ്രകാരമാണ് ഇയാളെ ഭീകരനായി പ്രഖ്യാപിച്ചത്. 2022 മേയില്‍ മൊഹാലിയിലെ ഇന്റലിജന്‍സ് ആസ്ഥാനത്ത് നടന്ന സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രധാനിയാണ് ഇയാള്‍.
പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്ക് സ്ഫോടകവസ്തുക്കളും ആയുധങ്ങളും ലഹരിമരുന്നുകളും കടത്തുന്ന റാക്കറ്റിന് മേല്‍നോട്ടം വഹിക്കുന്നതും ഇയാളാണ്.
കാനഡ കേന്ദ്രമായുള്ള വിവിധ ഖലിസ്ഥാനി സംഘടനകളെ ഏകോപിപ്പിക്കുന്നതിലും ലാന്‍ഡയ്ക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. നേരത്തേ പഞ്ചാബ് പോലീസ് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. എന്‍ഐഎ ഇയാള്‍ക്കെതിരേ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.
ഖലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തെച്ചൊല്ലി കാനഡ-ഇന്ത്യ നയതന്ത്ര ബന്ധം മോശമായി തുടരുന്നതിനിടെയാണ് ഇയാളെ ഭീകരനായി പ്രഖ്യാപിച്ചത്. ഇതോടെ ഇയാളെ കൈമാറണമെന്നതടക്കമുള്ള കാര്യങ്ങള്‍ ഇന്ത്യക്ക് കാനഡയോട് ആവശ്യപ്പെടാന്‍ കഴിയും.