ഇരിട്ടി: മാക്കൂട്ടം ചുരം റോഡിൽ വീണ്ടും വാഹനാപകടം. കർണാടകയിൽനിന്ന് ഉപ്പുമായി കോഴിക്കോടേക്ക് വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് പാറക്കല്ലിൽ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം. ഇരിട്ടിയിൽ നിന്ന് എത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും നാലുമണിക്കൂറോളം നീണ്ട ശ്രമത്തിന് ഒടുവിലാണ് കാബിൻ പൊളിച്ച് തമിഴ്നാട് സ്വദേശി ഡ്രൈവറെ രക്ഷപ്പെടുത്തിയത്. അപകടത്തിൽ ഡ്രൈവറുടെ രണ്ട് കാലുകൾക്കും പരിക്കേറ്റിട്ടുണ്ട്.
കർണാടകയുടെ പെരുമ്പാടി ചെക്പോസ്റ്റിൽനിന്നു വളരെ അടുത്തു നടന്ന അപകടത്തിൽ കർണാടകയുടെ ഭാഗത്തുനിന്ന് ഒരു സഹകരണവും ഉണ്ടായില്ലെന്നു പരാതി ഉയർന്നു. അപകടം നടന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും അടിയന്തര വൈദ്യസഹായം എത്തിക്കാൻ പോലും കർണാടക തയാറായില്ല എന്നാണ് ആക്ഷേപം. അപകടം നടക്കുമ്പോൾ ലോറിയിൽ ഡ്രൈവർ മാത്രമായിരുന്നു ഉണ്ടയിരുന്നത്. വെളിയിൽ എത്തിച്ച ഡ്രൈവറെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചുരത്തിൽ മൊബൈൽ ഫോണിന് റേഞ്ച് ലഭ്യമല്ലാത്തത് അപകട വിവരം വെളിയിൽ അറിയാൻ താമസം നേരിട്ടു. പിന്നാലെ വന്ന വാഹനത്തിലുള്ളവർ ചെക്പോസ്റ്റിൽ വിവരം അറിയിച്ചതിനെ തുടർന്നായിരുന്നു ഇരിട്ടിയിൽനിന്നുള്ള രക്ഷാസംഘം സ്ഥലത്തെത്തിയത്. പൊട്ടിപൊളിഞ്ഞ ചുരം പാതയിൽ അപകടം നിത്യസംഭവമായി മാറിയിരിക്കുകയാണ്.
ചെറുതും വലതുമായ എല്ലാ അപകടത്തിനും ഇരിട്ടിയിൽ നിന്നുള്ള സംഘമാണ് രക്ഷാപ്രവത്തനം നടത്തുന്നത്. ഇരിട്ടിയിൽ നിന്നുള്ള ഫയർ ഫോഴ്സ് രക്ഷാ സംഘത്തിൽ അശോക് കുമാർ (അസി. സ്റ്റേഷൻ ഓഫീസർ ഗ്രേഡ്) ഫയർഓഫിസർ മാരായ മഹ്റൂഫ്, തോമസ്, അനോക്, റോഷിത്, രവീന്ദ്രൻ, ഡ്രൈവർ മത്തായി എന്നിവർ പങ്കെടുത്തു.