മുംബൈ: ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ കൊലക്കേസ് പ്രതി 31 വർഷത്തിന് ശേഷം പോലീസ് പിടിയിൽ. മുംബൈ സ്വദേശി ദീപക് ഭിസ(62)യെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. 1989 ൽ ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
രാജു ചിക്ന എന്നയാളെ കൊലപ്പെടുത്തിയതിലും മറ്റൊരാളെ കൊലപ്പെടുത്താൻ ശ്രമിച്ചതിനുമുള്ള കേസിലെ പ്രതിയാണ് ഇയാൾ . പോലീസ് ദീപകിനെ അറസ്റ്റ് ചെയ്തെങ്കിലും പ്രതിക്ക് ജാമ്യം ലഭിച്ചു. തുടർന്ന് ഒളിവിൽ പോയ പ്രതിയെ അന്വേഷിച്ച് പോലീസ് ഇയാളുടെ നാടായ സർബൻ കാണ്ടിവാലിൽ പലവട്ടം എത്തിയിരുന്നു. ദീപക് മരിച്ച്പോയെന്നാണ് അപ്പോഴൊക്കെ നാട്ടുകാർ പോലീസിനോട് പറഞ്ഞത്.
എന്നാൽ പോലീസ് പ്രതിക്കായുള്ള അന്വേഷണം തുടർന്നുകൊണ്ടെയിരുന്നു. നീണ്ടനാളത്തെ അന്വേഷണത്തിനൊടുവിൽ പോലീസിന് ദീപകിന്റെ ഭാര്യയുടെ മൊബൈൽ നമ്പർ ലഭിച്ചു. ഈ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പാൽഘർ ജില്ലയിലെ നലസോപാര മേഖലയിലുണ്ടെന്ന് പോലീസ് അറിയുന്നത്.
തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാൾ കുടുംബവുമായി ഇവിടെ സ്ഥിരതാമസമാക്കിയിരുന്നെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് കൂട്ടിച്ചേർത്തു.