കർണാടക: കോടികൾ വിലമതിക്കുന്ന മരങ്ങൾ മുറിച്ച് കടത്തിയ കേസിൽ ബിജെപി എംപിയുടെ സഹോദരൻ അറസ്റ്റിൽ. ബിജെപി എംപി പ്രതാപ് സിംഹയുടെ സഹോദരൻ വിക്രം സിംഹയെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ഇതിനു മുൻപ് പാർലമെന്റ് ആക്രമണ കേസ് പ്രതികൾക്ക് പാസ് നൽകിയ സംഭവത്തിൽ വിവാദത്തിലായ നേതാവായിരുന്നു ബിജെപി എംപി പ്രതാപ് സിംഹ. ഡിസംബർ 13 ന് ലോക്സഭയിലേക്ക് അതിക്രമിച്ച് കയറി പ്രതിഷേധം നടത്തിയവരിൽ ഒരാൾ പ്രതാപ് സിംഹയുടെ ഓഫീസ് നൽകിയ സന്ദർശക പാസ് കൈവശംവച്ചിരുന്നു.
ഹാസൻ ജില്ലയിലുള്ള വനത്തിൽ നിന്ന് 126 മരങ്ങൾ മുറിച്ച് കടത്തിയെന്നാണ് പ്രതാപ് സിംഹയുടെ സഹോദരൻ വിക്രം സിംഹയ്ക്കെതിരേയുള്ള കേസ്. ഇയാൾക്ക് കേസിൽ പങ്കുള്ളതിന്റെ തെളിവ് ലഭിച്ചിട്ടുണ്ട്. വിക്രം സിംഹയ്ക്കായി വനംവകുപ്പ് ഉദ്യോഗസ്ഥർ തെരച്ചിൽ നടത്തിവരികയായിരുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥരും, സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ സംഘടിത ക്രൈം സ്ക്വാഡും ചേർന്ന് സംയുക്ത ഓപ്പറേഷനിലൂടെ വിക്രം സിംഹയെ ബംഗളൂരിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർനടപടികൾക്കായി ഇയാളെ ഹാസനിലേക്ക് കൊണ്ടുപോകും.
നന്ദഗൊണ്ടനഹള്ളി വില്ലേജിൽ അധികൃതരിൽ നിന്ന് അനുമതി വാങ്ങാതെ മരം മുറിച്ചതിനും മരം കടത്തിയതിനും സംസ്ഥാന വനം വകുപ്പ് ഇയാൾക്കെതിരേ എഫ്ഐആർ ഫയൽ ചെയ്തു. അതേസമയം, തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ കോൺഗ്രസിന്റെ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് വിക്രം സിംഹ പറഞ്ഞു