കൊച്ചി: നാട്ടിലും വിദേശത്തുനിന്നും ലക്ഷക്കണക്കിന് ആളുകളെത്തുന്ന ഫോര്‍ട്ടുകൊച്ചിയിലെ പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായുളള കൊച്ചി കാര്‍ണിവലില്‍ വിവാദം പുകയുന്നു. കാര്‍ണിവല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന കാര്‍ണിവല്‍ ആഘോഷത്തിന് സമാന്തരമായി വെളി ഗ്രൗണ്ടിലും പപ്പാഞ്ഞിയെ കത്തിക്കുന്ന ആഘോഷത്തിന് തടയിട്ടിരിക്കുകയാണ് ഫോര്‍ട്ടുകൊച്ചി സബ് കളക്ടര്‍ കൂടിയായ ആര്‍ഡിഒ കെ. മീര. സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ വെളി ഗ്രൗണ്ടിലെ ആഘോഷം ഒഴിവാക്കണമെന്നും പപ്പാഞ്ഞിയെ നീക്കം ചെയ്യണമെന്നും ആര്‍ഡിഒ കെ. മീര നിര്‍ദേശം നല്കി.
കാര്‍ണവല്‍ കമ്മിറ്റിയുടെ ആഘോഷത്തിന് ബദലായി യുണൈറ്റഡ് ക്ലബാണ് ഇവിടെ പപ്പാഞ്ഞിയുടെ വലിയ പ്രതിമ സ്ഥാപിച്ചത്. പുതുവത്സരം പിറക്കുമ്പോള്‍ കത്തിക്കുന്നതിനായിരുന്നു അത്. എന്നാല്‍ സുരക്ഷാ ക്രമീകരണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ അപകട സാഹചര്യം ഒഴിവാക്കാനാണ് ആഘോഷത്തിന് ജില്ലാ ഭരണകൂടം എതിര്‍പ്പ് അറിയിച്ചത്. എന്നാല്‍, ഈ നിര്‍ദേശം അംഗീകരിക്കാന്‍ ഒരുക്കമല്ലെന്നാണ് യുണൈറ്റഡ് ക്ലബ് ഭാരവാഹികള്‍ പറയുന്നത്. പപ്പാഞ്ഞിയെ പൊളിച്ചു മാറ്റില്ലെന്നും ഉത്തരവ് അംഗീകരിക്കാനാവില്ലെന്നുമാണ് വാര്‍ഡ് കൗണ്‍സിലര്‍ ബെനഡിക്ട് പറയുന്നത്. എല്ലാ സര്‍ക്കാര്‍ അനുമതിയും നേടിയാണ് ഒരുക്കങ്ങള്‍ നടത്തിയത്. നാട്ടുകാരെ കേള്‍ക്കാതെയാണ് ഉത്തരവ് ഇറക്കിയിരിക്കുന്നതെന്നാണ് സംഘാടകര്‍ പറയുന്നത്.
നിയമനടപടിയുമായി മുന്നോട്ടെന്ന് നാടക് സമിതി
കൊച്ചി കാര്‍ണിവലിന്റെ ഭാഗമായി നെറ്റ്വര്‍ക്ക് ഓഫ് ആര്ട്ടിസിറ്റിക് ആക്ടിവിസ്റ്റ് കേരള (നാടക് ) കൊച്ചി മേഖലാ കമ്മറ്റി അവതരിപ്പിക്കാനിരുന്ന “ഗവര്‍ണറും തൊപ്പിയും’ എന്ന നാടകത്തില്‍ ഗവര്‍ണര്‍ എന്ന വാക്കിന് വിലക്കേര്‍പ്പെടുത്തിയ ഫോര്‍ട്ട്കൊച്ചി ആര്‍ഡിഒയുടെ ഉത്തരവിലും പ്രതിഷേധം ശക്തമാവുകയാണ്.
നാടകം ഭരണഘടനാ പദവിയിലിരിക്കുന്നവരെ അവഹേളിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി മട്ടാഞ്ചേരി മണ്ഡലം ജനറല്‍ സെക്രട്ടറി ശിവകുമാര്‍ കമ്മത്ത് നല്കിയ പരാതിയിലാണ് ആര്‍ഡിഒ കെ. മീര അണിയറ പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്. ആര്‍ഡിഒയുടെ നടപടിയില്‍ പ്രതിഷേധിച്ച് അണിയറ പ്രവര്‍ത്തകര്‍ നാടകാവതരണത്തില്‍ നിന്ന് പിന്മാറി.
അതേസമയം, നാടകത്തിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ നിയമ നടപടിക്കൊരുങ്ങി നാടക് സമിതി. എന്തുകൊണ്ടാണ് വിലക്കെന്ന് ആര്‍ഡിഒയുടെ ഉത്തരവില്‍ വ്യക്തമല്ലെന്ന് നാടക് സമിതി അംഗങ്ങള്‍ പറയുന്നു. കോടതി അംഗീകാരത്തോടെ ഇതേ വേദിയില്‍ നാടകം എത്തിക്കുമെന്നും ജര്‍മന്‍ കഥയുടെ പരിഭാഷ ആണ് നാടകമെന്നും സമിതി അംഗങ്ങള്‍ പറഞ്ഞു.
ആര്‍ഡിഒയുടെ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ അണിയറപ്രവര്‍ത്തകരും ഡിവൈഎഫ്ഐയും പ്രതിഷേധം സംഘടിപ്പിച്ചു. വിലക്ക് ഏര്‍പ്പെടുത്തി ക്കൊണ്ടുള്ള ഉത്തരവ് കത്തിച്ചായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധം. നാടകം അവതരിപ്പിക്കുന്നത് നിര്‍ത്തി വയ്ക്കണമെന്ന് ഫോര്‍ട്ട് കൊച്ചി പൊലീസും ആവശ്യപ്പെട്ടിരുന്നു.
കൊച്ചി കാര്‍ണിവലിന്റെ ഭാഗമായി പള്ളത്ത് രാമന് മെമ്മോറിയല്‍ ഹാളില്‍ നാടകം ഇന്നലെയാണ് അവതരിപ്പിക്കാനിരുന്നത്. ആദിവാസി മേഖലയില്‍ നടക്കുന്ന കഥയാണ് നാടകം പറയുന്നത്. ക്രൂരനായ ഗവര്‍ണറെ എവിടെ വെച്ച് കണ്ടാലും പ്രജകള്‍ താണുവണങ്ങണം. വിവിധ ഇടങ്ങളില്‍ വച്ചിരിക്കുന്ന ഗവര്‍ണറുടെ തൊപ്പിയോടും ഈ ബഹുമാനം കാണിക്കണം. ധിക്കരിക്കുന്നവര്‍ക്ക് കടുത്തശിക്ഷയാണ്. ഒടുവില്‍ ജനങ്ങള്‍ സംഘടിച്ച് ഗവര്‍ണറെ വകവരുത്തുന്നിടത്ത് നാടകം അവസാനിക്കുന്നു.
നാടകത്തിന്റെ പേര് മറ്റണം, ഗവര്‍ണര്‍ എന്നുള്ള പദം ഉപയോഗിക്കരുത്, കേന്ദ്ര സംസ്ഥാന സര്‍ക്കാരിനെയോ മറ്റ് ഭരണഘടനാ സ്ഥാനത്തിരിക്കുന്നവരെ പരാമര്‍ശിക്കുന്ന അനുകരണമോ വേഷവിധാനങ്ങളും പാടില്ല, മത രാഷ്ട്രീയപരമായ യാതൊന്നും നാടകത്തില്‍ പാടില്ല തുടങ്ങിയ നിബന്ധനകളാണ് ഫോര്‍ട്ട്കൊച്ചി ആര്‍ഡിഒ നാടക് കൊച്ചി മേഖലാ പ്രസിഡന്റ് പി.എ. ബോസിന് നല്കിയ നോട്ടീസില്‍ പറയുന്നത്. ആര്‍ഡിഒ വിളിച്ചിരുന്നതായും, ഇന്നലെയാണ് ഇതുസംബന്ധിച്ച ഉത്തരവ് കിട്ടിയതെന്നും ബോസ് പറഞ്ഞു.
അതിനിടെ ആര്‍ഡിഒയുടെ ഉത്തരവിന് പിന്നാലെ നാടകത്തിന്റെ പേര് മാറ്റി വേദിയിലെത്തിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ശ്രമം നടത്തിയെങ്കിലും ഉപേക്ഷിക്കുകയായിരുന്നുവെന്ന് ബോസ് പറഞ്ഞു. “പുലരും മുമ്പേ’ എന്ന് പേര് മാറ്റി, ഗവര്‍ണര്‍ എന്ന കഥാപാത്രത്തെ അധികാരിയെന്നാക്കി നോക്കി. എന്നാല്‍ നാടകത്തിന്റെ ആത്മാവ് നഷ്ടപ്പെടുമെന്നതും മറ്റുപല അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമായേക്കാവുമെന്ന ആശങ്കയിലുമാണ് അവതരണം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നും അദേഹം വ്യക്തമാക്കി. ജര്‍മന്‍ കഥയെ ആസ്പദമാക്കി സുരേഷ് കൂവപ്പാടമാണ് ഗാനരചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. 45 മിനിട്ടാണ് നാടകത്തിന്റെ ദൈര്‍ഘ്യം.