രാത്രി വൈകിയും ഭര്‍ത്താവുമായി അലക്സ വിചിത്രമായ സംഭാഷണം നടത്തുന്നെന്ന് ആരോപിച്ച് ഭാര്യ. യുഎസ് ടിക് ടോക്കറായ ജെസ് ആണ് വീട്ടിലെ സ്മാര്‍ട്ട് ഹോം ഉപകരണമായ അലക്സയെ തന്റെ ഭര്‍ത്താവുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടർന്ന് എടുത്ത് എറിഞ്ഞത്.
പല തവണയായി പുലര്‍ച്ചെ വരെ ഭര്‍ത്താവുമായി അലക്സ വിചിത്രമായ രീതിയില്‍ സംസാരിക്കുന്നത് ജെസ് കണ്ടെന്നാണ് ആരോപണം. ഇതിനു പുറമെ ആരും സംസാരിക്കാന്‍ പ്രേരിപ്പിച്ചില്ലെങ്കിലും അലക്സ സ്വന്തം നിലയില്‍ സംസാരിക്കുന്നുണ്ടെന്നും ജെസ് കൂട്ടിച്ചേർത്തു.
അടുത്തിടെ ജെസ് പുറത്തേക്ക് പോകുന്ന സമയം അലക്സയുമായി ഭര്‍ത്താവ് സംസാരിച്ച് ഇരിക്കുകയായിരുന്നു. വളരെ താമസിച്ചാണ് ജെസ് തിരിച്ചെത്തിയത്. ഈ സമയം ഭര്‍ത്താവ് അലക്സയോടൊപ്പം വീഡിയോ ഗെയിം കളിക്കുകയായിരുന്നെന്ന് ഇവർ വ്യക്തമാക്കി.
സാധാരണയായി ഭർത്താവ് വീഡിയോ ഗെയിമുകള്‍ കളിക്കാറില്ലെന്നും അലക്സയുടെ പ്രേരണയാല്‍ അതും തുടങ്ങിയതെന്നും അവർ ആരോപിച്ചു. ആരും ആവശ്യപ്പെടാതെ തന്നെ അലക്സ സ്വമേധയാ കാര്യങ്ങള്‍ സംസാരിച്ച് തുടങ്ങിയെന്നാണ് ജെസിന്റെ വാദം. ഇത് സംബന്ധിച്ച് ജെസ് ഒരു ടിക് ടോക്ക് വീഡിയോ ചെയ്യുകയും അത് തന്റെ ടിക് ടോക് അക്കൌണ്ടിലൂടെ അവർ പങ്കുവയ്ക്കുകയും ചെയ്തു.
തുടർന്ന് നിരവധി പേര് തങ്ങളുടെ അലക്സ അനുഭവം പങ്കുവയ്ക്കാനെത്തി. സമാനമാന അനുഭവങ്ങൾ പലർക്കും ഉണ്ടായിട്ടുണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം.