കേരളത്തിലും ബിജെപിയുടെ ശക്തി വർധിച്ചു വരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ബിജെപി ശക്തി തെളിയിച്ചിട്ടുണ്ടെന്നും ലോക്സഭാ സീറ്റുകളുടെ കാര്യത്തിൽ ദക്ഷിണേന്ത്യയിലും ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു. തെന്നിന്ത്യയിൽ ബിജെപിക്ക് നല്ല വളർച്ചയുണ്ടെന്നും മോദി പറഞ്ഞു.
2024 ലും ബിജെപിക്ക് ഭരണ തുടർച്ച ഉണ്ടാകുമെന്നും വീണ്ടും അധികാരത്തിലെത്തും മോദി പറഞ്ഞു. കൂട്ടുകക്ഷി സർക്കാരിനെ രാജ്യത്തിന് ആവശ്യമില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ജനങ്ങൾക്ക് മുന്നിൽ മറ്റൊരു ബദലില്ല. രാജ്യത്ത് ഒരു സാമ്പാർ മുന്നണി സർക്കാരിന്റെ ആവശ്യമില്ല. വോട്ട് ലക്ഷ്യമിട്ടുള്ളതല്ല മോദി നൽകുന്ന ഗ്യാരന്റികൾ. അത് രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്കുള്ള ഉറപ്പാണ്. അവിടെ വോട്ട് അല്ല ലക്ഷ്യം.
മോദി പിറകിലേക്ക് പോകില്ലെന്ന് ജനങ്ങൾക്കറിയാം. ജനങ്ങൾ നൽകുന്ന പിന്തുണയാണ് തന്റെ വിജയരഹസ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താനെടുക്കുന്ന ഒരു തീരുമാനവും തന്റേത് മാത്രമല്ല. രാജ്യതാൽപര്യത്തിനു മുൻതൂക്കം നൽകിയാണ് ഓരോ തീരുമാനവും എന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു ഭരണ പരിചയവുമില്ലാതെയാണ് താൻ ഗുജറാത്ത് മുഖ്യമന്ത്രി ആയത്. പുതുമുഖങ്ങളെ മുഖ്യമന്ത്രി ആക്കുന്നത് ബിജെപിയിൽ പുതിയ കാര്യമല്ല. മറ്റുള്ളതെല്ലാം കുടുംബ പാർട്ടികളായതിനാലാണ് ഇതൊരു പുതിയ ട്രെൻഡായി തോന്നുന്നതെന്ന് മോദി പരിഹസിച്ചു.