പത്തനംതിട്ട : ഓൺലൈൻ റമ്മി കളിക്കാനുള്ള പണത്തിന് വേണ്ടി 80കാരിയുടെ മാല പൊട്ടിച്ച യുവാവ് അറസ്റ്റില്‍. കോട്ടയം പാലാ ഭരണങ്ങാനം സ്വദേശി അമല്‍ അഗസ്റ്റിനാണ് പിടിയിലായത്.
ഓണ്‍ലൈന്‍ റമ്മി കളിച്ച് യുവാവിന് മൂന്ന് ലക്ഷം രൂപ നഷ്ടമായി. ഈ തുക വീണ്ടെടുക്കുന്നതിനു വേണ്ടി മോഷണം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. പല ആളുകളില്‍ നിന്നും പണം കടം വാങ്ങിയാണ് ഇയാൾ ഓണ്‍ലൈന്‍ റമ്മി കളിച്ചിരുന്നത്.
കടം വാങ്ങിയ പണം തിരികെ കൊടുക്കുന്നതിനാണ് മാല പൊട്ടിച്ചത്. ഡിസംബർ 23 നാണ് ഇലവുംതിട്ടയിൽവച്ച് 80 കാരിയെ വഴിയിൽ തടഞ്ഞുനിർത്തി കഴുത്തിൽ കത്തിവെച്ച് അമൽ മാല കവർന്നത്.
സംഭവത്തെ തുടർന്ന് വയോധികയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തില്‍ പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. സ്ത്രീകൾ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകളാണ് അമൽ ആദ്യം ലക്ഷ്യമിട്ടത്. എന്നാൽ അത് നടക്കാതെ വന്നതോടെയാണ് മാല മോഷ്ടിക്കാമെന്നു തീരുമാനിച്ചത്. ഇയാൾ മറ്റ് കവര്‍ച്ചകള്‍ നടത്തിയിരുന്നോ എന്നും മറ്റാരെങ്കിലും പ്രതിക്ക് സഹായത്തിനുണ്ടോയെന്നും പോലീസ് പരിശോധിച്ചുവരികയാണ്.