പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു പ്രതികളെന്നു സംശയിക്കുന്ന മൂന്നു പേർ കസ്റ്റഡിയിൽ. അടൂർഭാഗത്തുള്ള മൂന്നുപേരെയാണു കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
വ്യാപാരിയെ കൊന്നത് കഴുത്തു ഞെരിച്ചാണെന്ന് പ്രാഥമിക നിഗമനം. തോർത്തും ലുങ്കിയും ഉപയോഗിച്ചാണ് കഴുത്തു ഞെരിച്ചതെന്ന് പത്തനംതിട്ട എസ്പി വി. അജിത്ത് പറഞ്ഞു.
46ൽപരം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതായി അന്വേഷണ സംഘം അറിയിച്ചു. ശനിയാഴ്ച വൈകിട്ടാണ് 73 കാരനായ ജോർജ് ഉണ്ണുണ്ണിയെ കടയുടെ അകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
കൈകാലുകൾ ബന്ധിച്ച് വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം. ജോർജിന്റെ കൊച്ചുമകനാണ് മൃതദേഹം കണ്ടത്. വീട്ടിലേക്ക് കൂട്ടികൊണ്ടുപോകാന് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ ജോർജിനെ കണ്ടെത്തിയത്.
വിവരം ഉടൻ തന്നെ പോലീസിൽ അറിയിച്ചു. കട പോലീസ് സീല്‍ ചെയ്തു. കടയില്‍ നിന്ന് പണവും ജോര്‍ജിന്റെ കഴുത്തിൽ കിടന്ന മാലയും നഷ്ടപ്പെട്ടു. സ്ഥാപനത്തിലെ സിസിടിവി ഹാര്‍ഡ് ഡിസ്ക് കാണാതായിട്ടുണ്ട്.
വ്യാപാരിയുടെ മുഖത്തു ക്ഷതമേറ്റിട്ടുണ്ടെന്നും വാരിയെല്ലുകളിലൊന്നിൽ പൊട്ടലുള്ളതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതായി ബന്ധുക്കൾ പറഞ്ഞു.