സാങ്കേതിക വിദ്യ പുരോഗമിക്കുന്നതിനനുസരിച്ച് ഓൺലൈൻ തട്ടിപ്പുകളും കൂടിക്കൊണ്ടിരിക്കുകയാണ്. വിദ്യാസമ്പന്നരായ തൊഴിൽ രഹിതർ പോലും ജോലി വാഗ്ദാനവുമായി വരുന്ന തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ അകപ്പെട്ടു പോകാറുണ്ട്. അതേസമയം, ചില തട്ടിപ്പുകളിൽ വീഴുന്ന ആളുകളെ കാണുമ്പോൾ എങ്ങനെ ഇത് സാധിക്കുന്നുവെന്ന് വരെ തോന്നിപ്പോകും.
ഇത്തരത്തിൽ ബീഹാറിൽ തട്ടിപ്പ് നടത്തിയ ഒരു സംഘം പിടിയിലായിട്ടുണ്ട്. സ്ത്രീകളെ ഗർഭിണിയാക്കുന്ന ജോലി വാഗ്ദാനം നൽകിയാണ് നിരവധി പുരുഷന്മാരിൽ നിന്നും സംഘം പണം കൈക്കലാക്കിയത്. സ്ത്രീകളെ ഗർഭം ധരിപ്പിച്ചാൽ 13 ലക്ഷം രൂപ പ്രതിഫലം നൽകാമെന്നാണ് ഓഫർ. എന്നാൽ ഗർഭിണിയായില്ലെങ്കിൽ സമാശ്വാസ സമ്മാനമായി അഞ്ചുലക്ഷം രൂപ കിട്ടും എന്നും പറഞ്ഞ് ജോലിക്കുള്ള പരസ്യം ഇവർ പുറത്തുവിട്ടു.
ജോലിയുടെ പരസ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതിന് പിന്നാലെ നിരവധിപേരാണ് കെണിയിൽ വീണത്. ഭർത്താവിൽ നിന്നോ അല്ലെങ്കിൽ പങ്കാളികളിൽ നിന്നോ ഗർഭിണിയാവാതെ ബുദ്ധിമുട്ടിലാകുന്ന സ്ത്രീകളെ ശാരീരികബന്ധം നടത്തി ഗർഭിണികളാക്കുകയാണ് ജോലി എന്ന് ഇവരെ പറഞ്ഞ് ധരിപ്പിക്കും.
ജോലിയുടെ ആദ്യപടിയായി 799 രൂപ അടച്ച് രജിസ്റ്റർ ചെയ്യണം. ഇങ്ങനെ നിരവധിപേർ രജിസ്റ്റർ ചെയ്തു. അടുത്ത ഘട്ടത്തിൽ കുറെ സ്ത്രീകളുടെ ചിത്രങ്ങൾ തട്ടിപ്പുകാർ ഇവർക്ക് അയച്ചുകൊടുക്കും. അതിൽ നിന്നും ഇഷ്ടപ്പെട്ട സ്ത്രീയെ തിരഞ്ഞെടുക്കാം. ഇതിന് പിന്നാലെ സെക്യൂരിറ്റി ഡെപ്പോസിറ്റ് അടയ്ക്കണമെന്ന് സംഘം ആവശ്യപ്പെടും. 5000 മുതൽ 20,000 രൂപ വരെയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ്. സ്ത്രീകളുടെ സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തുക കണക്കാക്കുന്നതെന്നാണ് പുരുഷന്മാരെ തട്ടിപ്പ് സംഘം ധരിപ്പിച്ചത്.
എന്നാൽ പണം അടച്ച് ജോലിക്കായുള്ള വിളിയും കാത്തിരുന്ന പുരുഷന്മാർ നിരാശരാവുകയാണ് ചെയ്തത്. പിന്നാലെ പോലീസിൽ വിവരം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എട്ട്പേരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ തട്ടിപ്പ് സംഘത്തിലെ മുഖ്യ സൂത്രധാരൻ ഇപ്പോഴും ഒളിവിലാണ്.