കണ്ണൂർ: ഫോര്‍ട്ട് കൊച്ചിയിലെ പപ്പാഞ്ഞിയുടെ മാതൃകയില്‍ പയ്യാമ്പലം ബീച്ചിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാക്കൾക്കെതിരേ കേസ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ ഉൾപ്പെടെ നാലു പേർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.
അന്യായമായി സംഘം ചേരൽ, കലാപ ശ്രമം ഉൾപ്പെടെയുള്ള നാലു വകുപ്പുകൾ ചുമത്തി കണ്ണൂർ ടൗൺ പോലീസാണ് കേസെടുത്തത്. എസ്എഫ്ഐ സംസ്ഥാനപ്രസിഡന്റ് കെ. അനുശ്രീ, ജില്ലാ പ്രസിഡന്റ് പി. എസ് സഞ്ജീവ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവ് മഹേന്ദ്രൻ, വിഷ്ണു വിനോദ് ഉൾപ്പെടെയുള്ളവർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.
30 അടി ഉയരമുള്ള കോലമാണ് എസ്എഫ്ഐ കത്തിച്ചത്. ഗവർണർക്കെതിരായ പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് കോലം കത്തിക്കുന്നതെന്ന് എസ്എഫ്ഐയുടെ വിശദീകരണം.