ഫ്ലോറിഡ: ലോട്ടറി അടിച്ചാൽ കഷ്ടപ്പാടുകള്‍ക്കെല്ലാം സലാം പറഞ്ഞ് സുഖസുന്ദരമായ ജീവിതം നയിക്കാമെന്നായിരിക്കും ഏവരുടെയും വിചാരം. എന്നാൽ 83 കോടിയിലധികം രൂപ ലോട്ടറി വഴി ലഭിച്ച ഫ്ലോറിഡക്കാരിയായ ടോണ്ട ഡിക്കേഴ്സൺ നേരിട്ട ദുരനുഭവങ്ങൾ അറിഞ്ഞാൽ ലോട്ടറി എടുക്കാൻ പോലും മടി തോന്നും.
എഡ്വേർഡ് സെവാർഡ് എന്നയാളുടെ ജോലിക്കാരിയായിരുന്നു ടോണ്ട ഡിക്കേഴ്സൺ. ഇവരുടെ ദരിദ്രാവസ്ഥ അറിയാമായിരുന്ന എഡ്വേർഡ് താനെടുത്ത ലോട്ടറി ടിക്കറ്റ് ടോണ്ടയ്ക്കു സമ്മാനിക്കുന്നതോടെയാണു കഥ തുടങ്ങുന്നത്. ലോട്ടറി ടിക്കറ്റിന്റെ ഫലപ്രഖ്യാപനം വന്നപ്പോള്‍ ഒന്നാം സമ്മാനമായ 83 കോടി ടോണ്ടയ്ക്കു സമ്മാനമായി കിട്ടിയ ലോട്ടറി ടിക്കറ്റിനായിരുന്നു. അതുവഴി കോടീശ്വരിയായെങ്കിലും ടോണ്ടയെ കാത്തിരുന്നത് അസമാധാനത്തിന്റെ കയ്പേറിയ ദിനങ്ങളായിരുന്നു.
ടിക്കറ്റ് സമ്മാനമായി നൽകിയ എഡ്വേർഡ് പണം തനിക്ക് അവകാശപ്പെട്ടതാണെന്നു പറഞ്ഞു കേസ് ഫയല്‍ ചെയ്തു. അതിനുപിന്നാലെ ടോണ്ടയ്ക്കൊപ്പം ജോലിചെയ്തിരുന്ന സഹപ്രവര്‍ത്തകര്‍ തങ്ങളുടെ പങ്കിനായി കോടതിയെ സമീപിച്ചു. അതോടെ ലോട്ടറിപ്പണം കേസിന്റെ നൂലാമാലകളിൽ കുടുങ്ങി. അവിടംകൊണ്ടു തീർന്നില്ല. പണത്തിനുവേണ്ടി മുന്‍ ഭര്‍ത്താവ് ടോണ്ടയെ തട്ടിക്കൊണ്ടുപോയി. തുടര്‍ന്നുണ്ടായ വാഗ്വാദത്തില്‍ അയാള്‍ ടോണ്ടയെ വെടിവച്ചു. നെഞ്ചില്‍ വെടിയേറ്റെങ്കിലും ടോണ്ട രക്ഷപ്പെട്ടു.
ദീർഘകാലം നീണ്ട കോടതി വ്യവഹാരങ്ങള്‍ക്കൊടുവില്‍ കോടതി ടോണ്ടയ്ക്ക് അനുകൂലമായി വിധിച്ചു. കരാറുകളില്ലാത്തതിനാൽ പണം ആർക്കും വിഭജിച്ചു നൽകേണ്ടെന്നായിരുന്നു വിധി. പ്രശ്നങ്ങളെല്ലാം തീർന്നെന്നു കരുതിയിരിക്കേ നികുതി ഉദ്യോഗസ്ഥരുടെ വരവായി. ഫെഡറല്‍ നികുതികളെല്ലാം ചേര്‍ത്ത് ആറേമുക്കാല്‍ കോടി രൂപ അടയ്ക്കണമെന്ന ബില്ല് അവർ നൽകി. അതടച്ച് ലോട്ടറിയുടെ ബാക്കി സമ്മാനത്തുക നേടിയെങ്കിലും ടോണ്ട ഒട്ടും സന്തോഷവതിയല്ല. കേസുകൾ വഴി ബന്ധുക്കളും സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാം ശത്രുക്കളായി മാറിയിരിക്കുന്നു. സമാധാനം നഷ്ടപ്പെട്ടു. അടുത്ത വള്ളിക്കെട്ട് എന്താകുമെന്ന വേവലാതി വേറെ.
1999 ലായിരുന്നു ടോണ്ടയുടെ ജീവിതംതന്നെ മാറ്റിമറിച്ച സംഭവപരമ്പരയുടെ തുടക്കം. കഴിഞ്ഞ ദിവസം Fascinating എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ ടോണ്ടയുടെ അനുഭവം പങ്കുവയ്ക്കപ്പെട്ടു. 3.75 കോടി ആളുകളാണ് ഇതു കണ്ടത്. “എനിക്കെങ്ങാനും ലോട്ടറി അടിച്ചാല്‍ അതാരെയും അറിയിക്കില്ലെന്നായിരുന്നു ഒരാളുടെ കമന്റ്.